19 April, 2025 10:02:36 AM
കൊല്ലത്ത് വൻ ലഹരിവേട്ട; 109 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

കൊല്ലം: കൊല്ലം നഗരത്തില്‍ വാഹന പരിശോധനയ്ക്കിടെ ലഹരിവസ്തുക്കള്‍ പിടിച്ചു. ഏകദേശം 50 ലക്ഷം രൂപ വിലവരുന്ന 109 ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. കൊല്ലം വെസ്റ്റ് പൊലീസ് നഗരത്തില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്.
ഇന്ന് പുലർച്ചെ 3ഓടെയാണ് ലഹരി വസ്തുക്കൾ വാഹനത്തിൽ കടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചത്. ഇതേതുടര്‍ന്നായിരുന്നു പരിശോധന. പരിശോധനയ്ക്ക് ഇറങ്ങിയ ഉദ്യോഗസ്ഥരെ വെട്ടിച്ച് പിക്കപ്പ് അമിതവേഗത്തില്‍ കടന്നുപോവുകയും ചെയ്തു. വാഹനത്തെ പിന്തുടര്‍ന്നാണ് പൊലീസ് ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്.
പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ വാഹനം ആനന്ദവല്ലീശ്വരം ഭാഗത്ത് ഒരു ഡിവൈഡറില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. ഒരാളാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനത്തില്‍ നിന്നും പ്രതി ഓടി രക്ഷപ്പെട്ടു. പ്രതിയെക്കുറിച്ച് വിവരം ലഭിച്ചിട്ടുള്ളതായും ഉടന്‍ പിടികൂടാന്‍ കഴിയുമെന്നും പൊലീസ് അറിയിച്ചു.