18 April, 2025 12:57:29 PM


ഓടിപ്പോയത് എന്തിന്?, ഷൈന്‍ ടോം ചാക്കോ വിശദീകരിക്കണം; ഹാജരാകാന്‍ നോട്ടീസ് നല്‍കും



കൊച്ചി:  നടൻ ഷൈൻ ടോം ചാക്കോ പൊലീസിന് മുന്നിൽ എത്രയും വേഗം ഹാജരാവണമെന്ന് നിർദേശം. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ഇന്ന് നോട്ടീസ് അയക്കും. രാസ പരിശോധനക്കിടെ ഹോട്ടലിൽ നിന്ന് എന്തിന് ഓടിപ്പോയെന്ന് താരം വിശദീകരിക്കണം. നോട്ടീസ് ലഭിച്ച് 5 ദിവസത്തിനകം ഷൈൻ ഹാജരാകണമെന്നും നിർദേശം ഉണ്ട്. എ സി പി മേലുദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുതിയ തീരുമാനം.

ഷൈൻ ഏതെങ്കിലും തരത്തിൽ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നകാര്യങ്ങളിലടക്കം പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് നടനെ വിളിച്ചു വരുത്തുന്നത്. ഇന്നലെയാണ് ഷൈൻ ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത്. കഴിഞ്ഞ 5 ദിവസമായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഷൈൻ. ഏറ്റവും ഒടുവിലാണ് നടനെ തേടി പൊലീസ് സംഘം മുറിയിലേക്ക് എത്തുന്നത്. അപ്പോഴാണ് ഡാൻസാഫ് സംഘത്തെ വെട്ടിച്ച് ഹോട്ടൽ മുറിയിൽ നിന്ന് ഷൈൻ ഓടിപ്പോയത്. നിലവിൽ തമിഴ്നാട്ടിലാണ് ഷൈൻ ഉള്ളത്. ഷൈനെ തേടി തമിഴ്നാട്ടിലേക്ക് പോകേണ്ട കാര്യമില്ലെന്നും കൊച്ചി സിറ്റി പൊലീസ് വ്യക്തമാക്കി. 

ഷൈൻ ടോം ചാക്കോ ഇന്നലെ രാത്രി പൊള്ളാച്ചിയിൽ എത്തിയതായാണ് വിവരം. നടൻ തമിഴ്നാട്ടിലാണെന്നാണ് ഷൈൻ ടോം ചാക്കോയുടെ ടവർ ലൊക്കേഷൻ സൂചിപ്പിക്കുന്നത്. ഇന്നലെ പുലർച്ചെ കൊച്ചിയിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്നു. പ്രതിയല്ലാത്തതിനാൽ അടിയന്തരമായി ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് കൊച്ചി സിറ്റി പൊലീസിന്റെ നിലപാട്.ഷൈനിന്റെ മുറിയിലെത്തിയ രണ്ട് സുഹൃത്തുക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇവർക്ക് ലഹരി ഉപയോഗവുമായി ബന്ധമില്ലെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, നടി വിന്‍സി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. ഷൂട്ടിംഗിനിടയിൽ ലഹരി ഉപയോഗിച്ച നടൻ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ അന്വേഷിക്കുമെന്നും മന്ത്രി സജി പറഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ പ്രതികരിക്കുകയും ധൈര്യപൂർവ്വം നിലപാട് സ്വീകരിക്കുകയും ചെയ്ത നടിയുടെ സമീപനം സ്വാഗതാർഹമാണെന്നും മന്ത്രി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 955