18 April, 2025 11:46:49 AM
വനിതാ സിപിഒ റാങ്ക് ലിസ്റ്റ്; 45 പേര്‍ക്ക് അഡ്വൈസ് മെമോ, സമരത്തിനിടെ മൂന്ന് പേര്‍ക്ക് നിയമനം

തിരുവനന്തപുരം: വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം തുടരുന്നതിനിടെ 45 ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഡ്വൈസ് മെമ്മോ ലഭിച്ചു. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാന്‍ രണ്ടു ദിവസം ബാക്കിനില്‍ക്കെയാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഡൈ്വസ് മെമ്മോ അയച്ചിരിക്കുന്നത്. സമരം ചെയ്യുന്നവരില്‍ മൂന്ന് പേര്‍ക്കുള്‍പ്പെടെയാണ് അഡ്വൈസ് മെമ്മോ നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 20 നാണ് 964 പേരുള്‍പ്പെട്ട വനിതാ സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. 268 നിയമനം മാത്രമാണ് ഈ ലിസ്റ്റില്‍ നിന്നും ഇതുവരെ നടത്തിയിട്ടുള്ളത്. ലിസ്റ്റിന്റെ കാലാവധി നാളെ പുര്‍ത്തിയാവും. കേരള പോലീസ് അക്കാദമിയില്‍ വിവിധ കാരണങ്ങളാല്‍ ഒഴിഞ്ഞ് പോയതും ചിലര്‍ മറ്റ് ജോലികള്‍ക്ക് പോയതുമായ ഒഴിവിലേക്കാണ് ഇപ്പോള്‍ അഡ്വൈസ് മെമ്മോ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 815 ഉദ്യോഗാര്‍ത്ഥികളെയാണ് നിയമിച്ചിരുന്നത്.
അതേസമയം, അഡ്വൈസ് മെമ്മോ ലഭിക്കാത്തവര്‍ സമരം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ക്ക് നിയമനം ലഭിക്കാവുന്ന സാഹചര്യത്തിലുള്ള ഒഴിവുകള്‍ നിലവിലുണ്ടെന്നും അവ റിപ്പോര്‍ട്ട് ചെയ്യാന്‍ പലതവണ ഓഫീസുകളെ സമീപിച്ചിട്ടും ഫലമൊന്നും ഉണ്ടായില്ലെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നത്.