17 April, 2025 08:26:47 PM


നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രിംകോടതി



ന്യൂഡല്‍ഹി: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. നവീന്‍ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം നിലവിലെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം അന്തിമഘട്ടത്തിലാണ്. ഈ സാഹചര്യത്തില്‍ അന്വേഷണം സിബിഐക്ക് വിടേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ സുധാംശു ധൂലിയ, കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി തള്ളിയത്. എല്ലാ കേസുകളും സിബിഐക്ക് വിടണമെന്ന് പറയാനാകില്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. സംസ്ഥാന പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും, കേസ് സിബിഐക്ക് കൈമാറി ഉത്തരവ് പുറപ്പെടുവിക്കണമെന്നുമായിരുന്നു മഞ്ജുഷ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

മഞ്ജുഷയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സുനില്‍ ഫെര്‍ണാണ്ടസും അഭിഭാഷകന്‍ എം ആര്‍ രമേശ് ബാബുവുമാണ് ഹാജരായത്. നവീന്‍ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് കുടുംബം സുപ്രീം കോടതിയെ സമീപിക്കുന്നത്. കേസില്‍ സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K