17 April, 2025 11:42:23 AM


സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുന്നവര്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെടരുത്- അലഹബാദ് ഹൈക്കോടതി



പ്രയാഗ്‌രാജ്: രക്ഷിതാക്കളുടെ സമ്മതത്തോടെയല്ലാതെ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുന്ന പങ്കാളികള്‍ക്ക് ജീവനും സ്വത്തിനും മേല്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെടരുതെന്ന് അലഹബാദ് ഹൈക്കോടതി. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതികള്‍ നല്‍കിയ അപേക്ഷയില്‍ തീരുമാനം എടുക്കവെയാണ് ഹൈക്കോടതി നിരീക്ഷണം.

അര്‍ഹിക്കുന്ന കേസുകളില്‍ പങ്കാളികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാം. എന്നാല്‍ യാതൊരു വിധത്തിലുള്ള ഭീഷണിയും ഇല്ലാത്ത സാഹചര്യത്തില്‍ പങ്കാളികള്‍ പരസ്പരം പിന്തുണയ്ക്കുകയും സമൂഹത്തെ അഭിമുഖീകരിക്കുകയും വേണം എന്നും അലഹബാദ് ഹൈക്കോടതി ചൂണ്ടികാട്ടി.

ശ്രേയ കേസര്‍വാനിയും ഭര്‍ത്താവും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ റിട്ട് ഹര്‍ജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് സൗരഭ് ശ്രീവാസ്തയുടെതാണ് നിരീക്ഷണം. സമാധാനപരമായ കുടുംബജീവിതത്തെ തകര്‍ക്കുന്ന തരത്തിലുള്ള ഇടപെടല്‍ തടഞ്ഞ് പൊലീസ് സംരക്ഷണം ഒരുക്കണം എന്നായിരുന്നു ഹര്‍ജി. എന്നാല്‍ ഹര്‍ജി തള്ളികൊണ്ട്, ദമ്പതികള്‍ക്ക് ഗൗരവകരമായ ഭീഷണി ഇല്ലെന്ന് കോടതി നിരീക്ഷിച്ചു.

ലത സിങ്ങ് വേഴ്‌സസ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേസില്‍ സുപ്രീം കോടതി നിരീക്ഷണം മുന്‍നിര്‍ത്തിയായിരുന്നു കോടതി ഇക്കാര്യം ചൂണ്ടികാട്ടിയത്. സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരായ പങ്കാളികള്‍ക്ക് പൊലീസ് സംരക്ഷണം ഒരുക്കേണ്ടതില്ലെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. ദമ്പതികളുടെ ജീവനും സ്വത്തും അപകടത്തിലാണെന്ന് വ്യക്തമാകുന്ന തെളിവുകള്‍ ഇല്ലെന്നും കോടതി ചൂണ്ടികാട്ടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 957