02 April, 2025 08:30:20 PM


ശബരിമല പരമ്പരാഗത കാനനപാതയോരത്ത് കമ്മ്യൂണിറ്റി ഹാൾ ഒരുങ്ങുന്നു



കോട്ടയം: ശബരിമല പരമ്പരാഗത കാനനപാതയോരത്ത്  ജില്ലാ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി ഹാൾ പണി പൂർത്തിയാകുന്നു. ശബരിമല പരമ്പരാഗത കാനനപാതയിൽ ഇരുമ്പൂന്നിക്കര മഹാദേവ ക്ഷേത്രത്തിനു സമീപം 6000 ചതുരശ്രയടി വിസ്തീർണത്തിൽ കമ്മ്യൂണിറ്റി ഹാൾ നിർമിക്കുന്നത്. കോട്ടയം ജില്ലാ പഞ്ചായത്തിന്റെ 2023 - 2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികവർഗ വികസന ഫണ്ടും പൊതുഗ്രാന്റും ഉപയോഗിച്ചാണ് നിർമാണം. 70 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് ഇതിനായി അനുവദിച്ചിരിക്കുന്നത്. ശബരിമല  തീർത്ഥാടകർക്കും പ്രയോജനപ്പെടുന്ന രീതിയിലാണ്  ഹാൾ നിർമിച്ചിരിക്കുന്നത്.  താഴത്തെനിലയിൽ ഓഫീസ് മുറി, താമസ മുറികൾ, ഭക്ഷണമുറി എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്. മുകളിലത്തെ നിലയിൽ ഓഡിറ്റോറിയവും  ശുചിമുറികളുമാണുള്ളത്. നിലവിൽ ഇലക്ട്രിക്കൽ, പ്ലംബിംഗ് പണികൾ പൂർത്തിയായിക്കഴിഞ്ഞു. റൂഫിങ്ങിന്റെയും ശുചിമുറിയുടെയും അനുബന്ധ പണികളാണ് ഇനി ബാക്കിയുള്ളത്. ശബരിമല തീർഥാടന സമയത്ത് കൂടുതൽ തീർത്ഥാടകർക്ക് കമ്യൂണിറ്റി ഹാൾ പ്രയോജനകരമാകുന്ന തരത്തിൽ തുടർ ഫണ്ടുകൾ അനുവദിച്ച്  കെട്ടിടം വിപുലീകരിക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 933