27 March, 2025 07:11:34 PM


മുണ്ടക്കൈ-ചൂരല്‍മല ടൗൺഷിപ്പിന് തറക്കല്ലിട്ട് മുഖ്യമന്ത്രി



കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതർക്ക് ആശ്വാസമായി ഉയരുന്ന ടൗൺഷിപ്പ്‌ നിർമാണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. ഉരുൾപൊട്ടൽ ദുരന്തമുണ്ടായി ഏഴ്‌ മാസങ്ങൾക്കിപ്പുറമാണ് മാതൃക ടൗൺഷിപ്പ്‌ ഉയരുന്നത്. കല്‍പ്പറ്റ ബൈപ്പാസിനോട് ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയിലാണ് ടൗൺഷിപ്പ് നിർമാണം.

ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലായി 1000 ചതുരശ്ര അടിയിൽ ക്ലസ്റ്ററുകളിലായാണ് വീടുകള്‍ നിര്‍മിക്കുന്നത്. രണ്ട് കിടപ്പുമുറി, പ്രധാന മുറി, സിറ്റൗട്ട്, ലിവിങ് റൂം, പഠനമുറി, ഡൈനിങ് ഹാൾ, അടുക്കള, സ്റ്റോർ ഏരിയ, ശുചിമുറി എന്നിവ വീടുകളിലുണ്ടാവും.ഒറ്റ നിലയില്‍ പണിയുന്ന കെട്ടിടം ഭാവിയില്‍ ഇരുനിലയാക്കാൻ കഴിയുന്ന അടിത്തറയോടെയാണ് പണിയുന്നത്. പ്രകൃതിദുരന്തങ്ങളെ നേരിടാൻ ശേഷിയുള്ളതായിരിക്കും അടിത്തറ.

ആരോഗ്യ കേന്ദ്രം, ആധുനിക അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ മൾട്ടി പർപ്പസ്‌ ഹാൾ, ലൈബ്രറി എന്നിവ ടൗണ്‍ഷിപ്പില്‍ നിര്‍മിക്കും. ആരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി, ഫാര്‍മസി, പരിശോധന-വാക്സിനേഷന്‍-ഒബ്സര്‍വേഷന്‍ മുറികള്‍, മൈനര്‍ ഓപ്പറേഷൻ തിയറ്റർ, ഒപി ടിക്കറ്റ് കൗണ്ടര്‍ സൗകര്യങ്ങള്‍ എന്നിവ സജ്ജീകരിക്കും. ആറുമാസം കൊണ്ട്‌ പ്രവൃത്തി പൂർത്തിയാക്കും.ടൗൺഷിപ്പിലേക്ക്‌ വരാത്ത കുടുംബങ്ങൾക്ക്‌ 15 ലക്ഷം രൂപവീതം നൽകും.

2024 ജൂലൈ 30 പുലർച്ചെയാണ് വയനാട് മുണ്ടക്കൈ,ചൂരൽമല എന്നിവിടങ്ങളിൽ ഉരുൾപൊട്ടിയത്. 298 പേർക്കാണ് അന്ന് ജീവൻ നഷ്ടമായത്. നൂറുകണക്കിന് വീടുകളും റോഡുകളും പാലങ്ങളും സ്കൂളുകളും തകർന്നു. ഒറ്റക്കെട്ടായി കേരളക്കര മുണ്ടക്കൈയേയും ചൂരൽമലയേയും ചേർത്തുപിടിച്ചു. സർക്കാരിനൊപ്പം രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും വ്യക്തികളും അയൽ സംസ്ഥാനങ്ങൾ ഉൾപ്പടെ സഹായഹസ്തവുമായി എത്തി. ഇന്ന് ലോകത്തിന് മുന്നിൽ ഉയർത്തിക്കാണിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഒരു മാതൃക ടൗൺഷിപ്പ് നിർമിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 942