17 March, 2025 08:47:55 AM
കോവൂരില്‍ ഓടയിൽ വീണ 60കാരന്‍റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കോവൂരില്‍ ഓടയില്‍ വീണ് കാണാതായ 60കാരന്റെ മൃതദേഹം കണ്ടെത്തി. കോവൂര്‍ സ്വദേശി കളത്തിന്‍പൊയില്‍ ശശിയാണ് മരിച്ചത്. അപകടം നടന്ന സ്ഥലത്ത് നിന്നും ഒരു കിലോമീറ്റര്‍ മാറി റോഡിനോട് ചേര്‍ന്ന ഓവുചാലിലാണ് മൃതദേഹം കണ്ടെത്തിയത്.
കനത്തമഴകാരണം ഇന്നലെ രാത്രിയോടെ നിര്‍ത്തിവെച്ച തിരച്ചില്‍ ഇന്ന് പുനരാരംഭിക്കാനിരിക്കെയാണ് മൃതദേഹം കണ്ടതായി നാട്ടുകാര്‍ പോലീസിനേയും അഗ്‌നിരക്ഷാസേനയേയും അറിയിച്ചത്. മൃതദേഹം പുറത്തെടുത്ത് തുടര്‍നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഞായറാഴ്ച രാത്രി 8.30-ഓടെയാണ് ശശി ഓടയില്‍ വീണത്. കോവൂര്‍ എം.എല്‍.എ. റോഡില്‍ മണലേരിതാഴത്തെ ബസ്സ്‌റ്റോപ്പില്‍ ഇരിക്കുകയായിരുന്ന ശശി അബദ്ധത്തില്‍ കാല്‍വഴുതി ഓവുചാലില്‍ വീഴുകയായിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് ബസ്സ്റ്റോപ്പില്‍ കയറിനില്‍ക്കുകയായിരുന്നു ശശിയും സുഹൃത്തും. ശക്തമായ മഴയായതിനാല്‍ റോഡിനോട് ചേര്‍ന്നുള്ള ഓവുചാല്‍ വെള്ളംനിറഞ്ഞ് കുത്തിയൊലിക്കുകയായിരുന്നു.
വീണയുടനെ സമീപത്തുണ്ടായിരുന്ന ആളുകള്‍ തിരച്ചില്‍നടത്തിയെങ്കിലും ശശിയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരും അഗ്‌നിരക്ഷാസേനയും സന്നദ്ധപ്രവര്‍ത്തരും രണ്ടുകിലോമീറ്ററോളം ദൂരത്തില്‍ രാത്രിവൈകിയും പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ശക്തമായ മഴയും തിരച്ചിന് വെല്ലുവിളിയായി.