11 March, 2025 09:00:27 AM


വിദ്വേഷ പ്രസംഗം; പി സി ജോർജിനെതിരെ കൂടുതൽ പരാതികൾ, ജാമ്യം റദ്ദാക്കണമെന്ന് ആവശ്യം



കോട്ടയം: പാലായിൽ കഴിഞ്ഞ ദിവസം നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പിസി ജോർജിനെതിരെ കൂടുതൽ പരാതികൾ. പി സി ജോർജിനെതിരെ ശക്തമായ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് യൂത്ത് ലീഗ് പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗിന് പുറമെ ദിശ സംഘടന അംഗങ്ങളും പൊലീസിൽ പരാതി.

ഓൺലൈൻ മുഖേന സംഘടന അംഗം ദിനു വെയിൽ പാലാ പൊലീസ് സ്റ്റേഷനിലേയ്ക്ക് പരാതി നൽകുകയായിരുന്നു. കഴിഞ്ഞമാസം 28-നാണ് പി സി ജോർജിന് ചാനൽ ചർച്ചയിൽ വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ ജാമ്യം ലഭിച്ചത്. കർശന ഉപാധികളോട് കൂടിയായിരുന്നു ജാമ്യം. സമാനമായ പരാമർശങ്ങൾ ഇനി ഉണ്ടാകരുതെന്ന് കോടതി താക്കീത് നൽകിയിരുന്നു. വീണ്ടും കുറ്റകൃത്യം ആവർത്തിക്കുന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുകയാണ്.

ഇത് തുടരുന്നതിനാൽ പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്നാണ് ഉയരുന്ന ആവശ്യം. പൊലീസ് വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് ഈരാറ്റുപേട്ട യൂത്ത് ലീഗ് പ്രവർത്തകരുടെ തീരുമാനം. പി സി ജോർജ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചു. പരാമർശത്തിൽ പറഞ്ഞിരിക്കുന്ന കണക്കുകൾ വസ്തുതാ വിരുദ്ധമാണെന്നും ശക്തമായ നിയമനടപടി വേണമെന്നും ഈരാറ്റുപേട്ട യൂത്ത് ലീഗ് പ്രവർത്തകർ ആവശ്യപ്പെട്ടു.

ലൗജിഹാദിലൂടെ മീനച്ചിൽ താലൂക്കിൽ മാത്രം നാനൂറോളം പെൺകുട്ടികളെ നഷ്ടമായെന്നായിരുന്നു പി സി ജോർജിൻറെ പ്രസ്താവന. ക്രിസ്ത്യാനികൾ അവരുടെ പെൺമക്കളെ ഇരുപത്തിനാല് വയസാകുമ്പോഴേക്ക് വിവാഹം കഴിച്ചയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രസംഗത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

'22, 23 വയസാകുമ്പോൾ പെൺകൊച്ചിനെ കെട്ടിച്ചുവിടണ്ടേ മര്യാദ കാണിക്കണ്ടേ. ക്രിസ്ത്യാനി എന്തിനാണ് ഇരുപത്തിയഞ്ചും മുപ്പതും വയസുവരെ പെൺകുട്ടികളെ കെട്ടിക്കാതെ വയ്ക്കുന്നതെന്നും പി സി ജോർജ് ചോദിച്ചു. ഇന്നലെയും ഒരു കൊച്ച് പോയി. വയസ് 25. ഇന്നലെ രാത്രി ഒൻപതരയ്ക്കാ പോയത്. ഇരുപത്തിയഞ്ച് വയസ് വരെ ആ പെൺകൊച്ചിനെ പിടിച്ചുവെച്ച അപ്പനിട്ട് അടി കൊടുക്കണ്ടേ. എന്താ ആ പെൺകൊച്ചിനെ കെട്ടിക്കാതിരുന്നെ. നമ്മൾ ചർച്ച ചെയ്യേണ്ട പ്രശ്നമാണി'തെന്നും പി സി ജോർജ് പറഞ്ഞിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 958