08 March, 2025 03:40:58 PM
വീൽചെയർ നൽകിയില്ല; വിമാനത്താവളത്തിൽ വീണ വയോധികയ്ക്ക് പരിക്ക്

ന്യൂഡൽഹി: എയർ ഇന്ത്യക്കെതിരെ പരാതിയുമായി യുവതി രംഗത്ത്. ഡൽഹി വിമാനത്താവളത്തിൽ എയർ ഇന്ത്യ അധികൃതർ മുൻകൂട്ടി ബുക് ചെയ്ത വീൽ ചെയർ നൽകാത്തതിനെ തുടർന്ന് വയോധികയ്ക്ക് പരിക്കേറ്റെന്നാണ് യുവതിയുടെ പരാതി. നിലവിൽ ഗുരുതരമായി പരിക്കേറ്റ വയോധിക ഇപ്പോൾ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
എയർ ഇന്ത്യയോട് നിരവധി തവണ വീൽചെയർ ആവശ്യപ്പെട്ടെങ്കിലും തന്റെ മുത്തശ്ശിക്ക് വീൽചെയർ നൽകിയില്ലെന്നും മുത്തശ്ശിക്ക് കൃത്യമായ ചികിത്സ ലഭിച്ചത് വിമാനത്തിൽ യാത്ര ചെയ്ത് ബെംഗളൂരുവിലെത്തിയ ശേഷം മാത്രമാണെന്നും കൊച്ചുമകൾ പാറുൾ കൻവർ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
അന്തരിച്ച മുൻ ഉന്നത സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയാണ് 82 വയസുകാരിയായ പ്രസിച്ച രാജ്. ഈമാസം നാലിന് ദില്ലിയിൽ കൊച്ചുമകന്റെ വിവാഹത്തിൽ പങ്കെടുത്ത് ബംഗളൂരുവിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. ഇന്നലെയാണ് യുവതി കുറിപ്പ് എക്സിൽ പോസ്റ്റ് ചെയ്തത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയ എയർ ഇന്ത്യ അധികൃതർ വിഷയം വളരെ ഗൗരവത്തിൽ പരിശോധിക്കുന്നതായി യുവതിയെ അറിയിച്ചു. ഡിജിസിഎയ്ക്കും യുവതി പരാതി നൽകി. പരിക്കേറ്റ മുത്തശ്ശിയുടെ ചിത്രങ്ങൾ അടക്കം ഉൾപ്പെടുത്തിയുള്ള യുവതിയുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാണ്.