06 March, 2025 01:29:54 PM


കൊച്ചിയിൽ പത്ത് വയസുകാരിക്ക് സഹോദരൻ എംഡിഎംഎ നൽകി



കൊച്ചി: ലഹരിക്ക് അടിമയായ 12-കാരൻ 10-വയസുകാരിയായ സഹോദരിക്ക് എംഡിഎംഎ നൽകി. ഡി-അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ച ശേഷമാണ് സഹോദരിക്ക് ലഹരി നൽകിയതായി കുട്ടി വെളിപ്പെടുത്തിയത്. സംസ്ഥാനത്ത് കുട്ടികളിൽ ലഹരി ഉപയോഗം വർദ്ധിക്കുന്നുവെന്നതിന്‍റെ ഭയാനകമായ ഉദാഹരണം കൂടിയാണിത്.

വീട്ടുകാർ ഉറങ്ങിക്കഴിയുമ്പോഴായിരുന്നു 12-കാരൻ വീട്ടിൽനിന്ന് ലഹരി ഉപയോഗത്തിനായി പോയിരുന്നത്. ഇതിനായി കുട്ടി മൂന്നുലക്ഷം രൂപ വീട്ടിൽ നിന്നും മോഷ്ടിച്ചെന്നാണ് വിവരം. ചോദ്യം ചെയ്തതിന് വീട്ടുകാരെ ആക്രമിക്കുകയും ചെയ്തു. വിവരം അറിഞ്ഞിട്ടും എളമക്കര പൊലീസ് സിഡബ്ല്യുസിക്ക് റിപ്പോർട്ട് നൽകിയില്ല.

തുടർച്ചയായ ലഹരി ഉപയോഗം ആൺകുട്ടിയുടെ മാനസികാവസ്ഥയിൽ മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. രാത്രി വീട്ടിൽ നിന്ന് സൈക്കിളുമായാണ് കുട്ടി ലഹരിതേടി പോയിരുന്നത്. ഒരു ദിവസം കുട്ടിയെ കാണാതായതോടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് നെടുമ്പാശേരിക്ക് സമീപത്ത് നിന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരി ഉപയോ​ഗം കണ്ടെത്തിയത്. പിന്നാലെ ലഹരി വിമോചന കേന്ദ്രത്തിലെത്തിക്കുകയായിരുന്നു.

മാതാപിതാക്കളെ കുട്ടി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. താൻ പ്രായപൂർത്തിയാകാത്ത കുട്ടിയാണെന്നും എന്തെങ്കിലും പറഞ്ഞാൽ മതാപിതാക്കൾ ഉൾപ്പെടെ ജയിലിൽ പോകുമെന്നായിരുന്നു 12-കാരന്റെ ഭീഷണി. സഹോദരിയെയും ചികിത്സയ്ക്കായി ഡി-അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ലഹരിയുടെ ഉപയോ​ഗം കുട്ടിയുടെ മാനസിക നില തകരാറിലാക്കിയിട്ടുണ്ട്. അതിനാൽ അക്രമാസക്തനായാണ് കുട്ടി പെരുമാറുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K