26 February, 2025 05:07:43 PM


കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റിയാലും പരാതിയില്ല, അം​ഗീകരിക്കും- കെ സുധാകരൻ



തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കുന്നത് ഹൈക്കമാന്റിന്റെ തീരുമാനമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മാറ്റിയാൽ എന്താണ് കുഴപ്പം?. തന്നെ നീക്കാം നീക്കാതിരിക്കാം. ഏതു തീരുമാനവും അനുസരണയോടെ അംഗീകരിക്കും. എഐസിസിക്ക് മാറ്റണമെന്നാണെങ്കിൽ സ്വീകരിക്കാൻ തയ്യാറാണെന്നും തനിക്കൊരു പരാതിയുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കനഗോലുവിൻ്റെ റിപ്പോർട്ടിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും തന്നോട് മാറണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസിൽ തനിക്ക് കിട്ടാവുന്ന എല്ലാ പദവിയും കിട്ടിയിട്ടുണ്ട്. മാനസികമായ സംഘർഷാവസ്ഥയിൽ അല്ല, തൃപ്തനായ മനസിൻറെ ഉടമയാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.സുധാകരനു പകരം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആരെ നിയോഗിക്കുമെന്ന ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ സജീവമാണ്. തദ്ദേശ തിരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെ സര്‍വേകളില്‍നിന്നുള്‍പ്പെടെ ദേശീയ നേതൃത്വത്തിനു ലഭിച്ചിരിക്കുന്ന വ്യക്തമായ സൂചനകള്‍ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതില്‍ നിര്‍ണായകമാകും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K