26 February, 2025 12:24:52 PM


മദ്യപിച്ച് എത്തിയ വരന്‍ മാല ചാര്‍ത്തിയത് വധുവിന്‍റെ സുഹൃത്തിനെ; വിവാഹ വേദിയില്‍ കൂട്ടത്തല്ല്



ബറേലി: മദ്യലഹരിയില്‍ വിവാഹത്തിനെത്തിയ വരന്‍ മാലയിട്ടത് വധുവിന്റെ ഉറ്റ സുഹൃത്തിനെ. തുടര്‍ന്ന് വിവാഹവേദിയില്‍ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ ഏറ്റുമുട്ടി. ഇരുകൂട്ടരും കസേരകളും മറ്റും എറിയാന്‍ തുടങ്ങിയതോടെ പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ശനിയാഴ്ചയാണ് സംഭവം. വരനെ പൊലീസ് അറസ്റ്റ് ചെയ്തു.

വിവാഹചടങ്ങിലേക്ക് വരനും കൂട്ടരും വൈകിയാണ് എത്തിയതെന്ന് വധുവിന്റെ വീട്ടുകാര്‍ പറയുന്നു. വിവാഹത്തിന് മുന്‍പായി വരന്റെ കുടുംബം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടതായും, രണ്ട് ലക്ഷം രൂപ വിവാഹദിവസം സ്ത്രീധനമായി നല്‍കിയതായും വധുവിന്റെ പിതാവ് പറഞ്ഞു. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചെത്തിയ വരന്‍ കുടുംബാംഗങ്ങളോട് മോശമായി പെരുമാറിയതായും പിതാവ് പറഞ്ഞു.

ചടങ്ങില്‍ മദ്യപിച്ചെത്തിയ വരന്‍ വധുവിനെ മാല ചാര്‍ത്തുന്നതിന് പകരം വധുവിന്റെ സമീപത്തു നിന്നിരുന്ന അവളുടെ ഉറ്റ സുഹൃത്തിനെയാണ് മാല അണിയിച്ചത്. മദ്യപിച്ചെത്തിയ വരന്റെ പ്രവൃത്തി സഹിക്കാനാകാതെ വന്നതോടെ വധു യുവാവിനെ അടിക്കുകയും വിവാഹത്തിന് വിസമ്മതിച്ച് വേദിയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. തുടര്‍ന്ന് ഇരുവീട്ടുകാരും തമ്മില്‍ തര്‍ക്കമായി. സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് എത്തുകയും വരന്റെ വീട്ടുകാരെ തിരിച്ചയക്കുകയും ചെയ്തു.

വിവാഹത്തിനായി പത്തുലക്ഷം രൂപ ചെലാക്കിയതായി വധുവിന്റെ സഹോദരന്‍ പറഞ്ഞു. സ്ത്രീധനം കുറഞ്ഞുപോയതില്‍ വരന്റെ വീട്ടുകാര്‍ അതൃപ്തരായിരുന്നു. അതിന്റെ ഭാഗമായി തങ്ങളെ അപമാനിക്കാന്‍ വേണ്ടിയാണ് ഇത് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. യുവതിയുടെ വീട്ടുകാരുടെ പരാതിയില്‍ വരനെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സ്ത്രീധനം ആവശ്യപ്പെട്ടതില്‍ വരനെതിരെയും കേസെടുത്തിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K