24 February, 2025 04:45:30 PM


പാതിവില തട്ടിപ്പ് കേസ്; ലാലി വിന്‍സെൻ്റിന് മുന്‍കൂര്‍ ജാമ്യം



കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെൻ്റിന് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് കേസിൽ ലാലി വിന്‍സെന്റിന് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. അതേ സമയം, 50 ലക്ഷം രൂപ അഭിഭാഷകയെന്ന നിലയില്‍ ലാലി വിൻസെൻ്റ് ഫീസായി വാങ്ങിയെന്ന വാദം ഹൈക്കോടതി അംഗീകരിച്ചു.

അനന്തു കൃഷ്ണന്റെ സ്ഥാപനത്തിൽ നിന്ന് താൻ 40 ലക്ഷം രൂപ വക്കീൽ ഫീസായി കൈപ്പറ്റിയിരുന്നുവെന്നും തട്ടിപ്പിൽ പങ്കില്ലെന്നും ലാലി വിൻസെന്റ് പറഞ്ഞിരുന്നു. നിയമോപദേശത്തിനായാണ് പണം കൈപ്പറ്റിയത്. മറ്റു സാമ്പത്തിക നേട്ടങ്ങളൊന്നും ഇല്ലെന്നും ബാങ്ക് അക്കൗണ്ട് പരിശോധിക്കാമെന്നുമായിരുന്നു ലാലി വിൻസെൻ്റ് പറഞ്ഞത്. അനന്തു കൃഷ്ണനെ പരിചയപ്പെടുത്തിയത് ലാലി വിൻസെന്റ് ആണെന്ന എൻജിഒ കോൺഫെഡറേഷന്റെ ചുമതലയുണ്ടായിരുന്ന ആനന്ദകുമാറിനെ വാദവും ലാലി തള്ളിയിരുന്നു.

നേരത്തെ ലാലി വിൻസെൻ്റിനെ പകുതിവില തട്ടിപ്പ് കേസിൽ പൊലീസ് പ്രതിചേർത്തിരുന്നു. കണ്ണൂർ ടൗൺ പൊലീസ് എടുത്ത കേസിൽ ലാലി വിൻസെൻ്റ് ഏഴാം പ്രതിയാണ്. നാഷണൽ എൻജിഒ കോൺഫെഡറേഷൻ എന്ന പേരിൽ കൂട്ടായ്‌മ രൂപീകരിച്ചായിരുന്നു അനന്തു കൃഷ്ണന്റെ പകുതി വില തട്ടിപ്പ്‌. പ്രധാന കമ്പനികൾ നിർബന്ധപൂർവം ചെലവഴിക്കേണ്ട സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട്‌ (സിഎസ്‌ആർ) ഉപയോഗിച്ച്‌ പകുതിവില സബ്‌സിഡി നൽകുമെന്നും ബാക്കി തുക ഗുണഭോക്താവ്‌ അടച്ചാൽ ഇരുചക്രവാഹനം, ലാപ്‌ടോപ്പ്‌, തയ്യൽ മെഷീൻ, ഗൃഹോപകരണങ്ങൾ എന്നിവ നൽകുമെന്നുമായിരുന്നു വാഗ്‌ദാനം. തിരുവനന്തപുരം തോന്നയ്‌ക്കൽ സായിഗ്രാമം ഗ്ലോബൽ ചെയർമാൻ കെ എൻ ആനന്ദകുമാർ ആജീവനാന്ത ചെയർമാനും ഇടുക്കി സ്വദേശി അനന്തുകൃഷ്‌ണൻ അഖിലേന്ത്യ കോ– ഓർഡിനേറ്ററുമായാണ്‌ കോൺഫെഡറേഷൻ പ്രവർത്തിച്ചിരുന്നത്‌.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K