23 February, 2025 07:27:29 PM


ആറളം ഫാമിൽ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടി കൊന്നു



കണ്ണൂർ: വീണ്ടും ജീവനെടുത്ത് കാട്ടാന. കണ്ണൂർ ആറളം ഫാമിൽ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടി കൊന്നു. ആറളം ഫാമിലെ പതിമ്മൂന്നാം ബ്ലോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ഇവരെ ആന ആക്രമിച്ചത്. വൈകിട്ടാണ് സംഭവമുണ്ടായത്. 

ആറളം ഫാം പുനരധിവാസ മേഖലയില്‍ പതിമൂന്നാം ബ്ലോക്കിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഇവരുടെ വീടിന് സമീപത്താണ് സംഭവം. അക്രമ ണത്തിന്‍റെ നടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കശുവണ്ടിത്തോട്ടത്തില്‍ വെച്ച് കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ആന ഇവരെ ആക്രമിച്ചത്. 

സ്ഥിരമായി ആനകളിറങ്ങുന്ന സ്ഥലം കൂടിയാണ് ഇവിടം. പലതവണ തുരത്തിയിട്ടും ആനകള്‍ തിരികെ വരാറുണ്ട്. ആര്‍ആര്‍ടി സംഘം ഉള്‍പ്പെടെ ഇവിടെ എത്തിയിട്ടുണ്ട്. ഇരുവരുടെയും മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക്  കൊണ്ടുപോകുമെന്നാണ് വിവരം. കഴിഞ്ഞ 6 വര്‍ഷത്തിനിടെ 11 പേരാണ് കാട്ടാന ആക്രമണത്തില്‍ ഇവിടെ കൊല്ലപ്പെട്ടത്. സംഭവത്തില്‍ രൂക്ഷപ്രതിഷേധമാണ് പ്രദേശത്തുള്ളത്. 

ഇവിടെ വ്യാപകമായി കശുവണ്ടി തോട്ടങ്ങളാണുള്ളത്. കശുവണ്ടി ശേഖരിച്ചു വിറ്റാണ് ഇവര്‍ ഉപജീവനം നടത്തുന്നത്. ഇവര്‍ക്ക് ഒരു മകനുണ്ട്. പതിവുപോലെ കശുവണ്ടി ശേഖരിക്കാനെത്തിയപ്പോളാണ് ആനയുടെ ആക്രമണം ഉണ്ടായത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K