22 February, 2025 01:18:59 PM


കുംഭമേളയിൽ പങ്കെടുക്കാൻ പോയ മലയാളിയെ കാണാനില്ലെന്ന് പരാതി



ആലപ്പുഴ: മഹാകുംഭമേളയിൽ പങ്കെടുക്കാൻ പോയ മലയാളിയെ കാണാനില്ലെന്ന പരാതിയുമായി കുടുംബം. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ കൊഴുവല്ലൂർ സ്വദേശി ജോജു ജോർജിനെയാണ് കാണാതായത്. 42 വയസാണ്. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ മഹാകുംഭമേളയിൽ പങ്കെടുക്കാനായി അയൽവാസിയായ കുടുംബ സുഹൃത്തിനൊപ്പം കഴിഞ്ഞ ഒൻപതിനാണ് ചെങ്ങന്നൂരിൽ നിന്ന് ട്രെയിൻ മാർഗം ജോജു പ്രയാഗ് രാജിലേക്ക് പോയത്. 

12-ാം തീയതിയാണ് ജോജു ജോർജ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്. തൻ്റെ ഫോൺ തറയിൽ വീണ് പൊട്ടിയെന്നും ഒപ്പമുള്ള സുഹൃത്തിന്റെ ഫോണിൽ നിന്നാണ് വിളിക്കുന്നതെന്നും കുംഭമേളയിലെത്തി നദിയിൽ സ്നാനം ചെയ്തുവെന്നും ജോജു ജോർജ് അറിയിച്ചു. 14 ന് നാട്ടിൽ മടങ്ങിയെത്തുമെന്നാണ് വിളിച്ചപ്പോൾ പറഞ്ഞത്. ഇതിനുശേഷം ജോജുവിനെക്കുറിച്ച് യാതൊരു വിവരവുമില്ല. അതേസമയം ജോജുവിനൊപ്പം പോയ അയൽവാസി 14 ന് നാട്ടിലെത്തുകയും ചെയ്തു. ഇയാളോട് വിവരങ്ങൾ തിരക്കിയെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് കുടുംബം പരാതിയിൽ പറയുന്നു. ഇരുവരും കുംഭമേളയിൽ പങ്കെടുത്ത ദൃശ്യങ്ങൾ നേരത്തെ തന്നെ കുടുംബത്തിന് അയച്ചു നൽകിയിരുന്നു. സംഭവത്തിൽ ചെങ്ങന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 958