22 February, 2025 12:59:19 PM


രണ്ടു മണിക്ക് ഹാജരാകണം; മത വിദ്വേഷ പരാമര്‍ശത്തില്‍ പി.സി. ജോര്‍ജ് അറസ്റ്റിലേക്ക്



കോട്ടയം: മത വിദ്വേഷ പരാമര്‍ശത്തില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ വെട്ടിലായി ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ പി സി ജോര്‍ജ്. പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. ഇന്ന് രണ്ട് മണിക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഈരാറ്റുപേട്ട പൊലീസ് പി സി ജോര്‍ജിന്റെ വീട്ടിലെത്തി നോട്ടീസ് കൈമാറി. പി സി ജോര്‍ജ് വീട്ടിലില്ലാത്തതിനാല്‍ മകന്‍ ഷോണ്‍ ജോര്‍ജ് ആണ് നോട്ടീസ് കൈപ്പറ്റിയതെന്നാണ് വിവരം.

ചാനല്‍ ചര്‍ച്ചയില്‍ മതവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഈരാറ്റുപേട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പി സി ജോര്‍ജിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.

പിസി ജോര്‍ജ് നിരന്തരം ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്നതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്നാണ് സിംഗിള്‍ ബെഞ്ച് സ്വീകരിച്ച നിലപാട്. അല്ലെങ്കില്‍ കീഴടങ്ങാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും ഹൈക്കോടതി വാക്കാല്‍ വ്യക്തമാക്കിയിരുന്നു. പിസി ജോര്‍ജ് മുന്‍പും മതവിദ്വേഷം വളര്‍ത്തുന്ന കുറ്റം ചെയ്തിട്ടുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K