22 February, 2025 09:53:27 AM
അതിരപ്പിള്ളിയിൽ ചരിഞ്ഞ കൊമ്പന്‍റെ തുമ്പിക്കൈയിൽ പുഴുവരിച്ചിരുന്നു, അണുബാധയേറ്റു; റിപ്പോർട്ട്

തൃശൂർ: അതിരപ്പിള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ് ചികിത്സയിലിരിക്കെ ചരിഞ്ഞ കൊമ്പന് അണുബാധയേറ്റിരുന്നുവെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. ആനയുടെ മസ്തകത്തിന് അണുബാധയേറ്റിട്ടുണ്ട്, തുമ്പിക്കൈയിൽ പുഴുവരിച്ചിരുന്നുവെന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു. മരണകാരണം ഹൃദയാഘാതം മൂലമാണെന്നാണ് പ്രാഥമിക കണ്ടെത്തൽ.
മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധനയിൽ ആനയുടെ ശരീരത്തിൽ ലോഹ ഘടകങ്ങൾ ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. മുറിവിന് 65 സെന്റീമീറ്റർ ചുറ്റളവും15 സെന്റീമീറ്റർ വ്യാസവും ഒന്നരയടിയോളം ആഴവുമുണ്ട്. ആനകൾ തമ്മിൽ കൊമ്പ് കോർത്തുണ്ടായ മുറിവ് തന്നെയാണ് അണുബാധയ്ക്ക് കാരണമായത്.
കോടനാട് അഭയാരണ്യത്തിൽ ചികിത്സയിലിരിക്കയാണ് ആന ചരിഞ്ഞത്. ഇന്നലെ രാവിലെ വരെ ഭക്ഷണം കഴിച്ചിരുന്ന ആനയുടെ ആരോഗ്യസ്ഥിതി പിന്നീട് വഷളാവുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ആന ചരിഞ്ഞത്. തൃശ്ശൂർ മണ്ണുത്തിയിൽ നിന്ന് എത്തിയ ഡോക്ടർമാർ ഉൾപ്പെടുന്ന പ്രത്യേക സംഘമാണ് പോസ്റ്റ്മോർട്ടം നടത്തിയത്.
കഴിഞ്ഞ മാസമായിരുന്നു മസ്തകത്തിൽ പരിക്കേറ്റ നിലയിൽ ആനയെ വനത്തിനുള്ളിൽ കണ്ടെത്തിയത്. ബുധനാഴ്ചയാണ് ആനയെ മയക്കുവെടി വെച്ച് പിടികൂടിയത്. തുടർന്ന് കോടനാട് അഭയാരണ്യത്തിൽ ആയിരുന്നു ചികിത്സ. ഇന്നലെ തുമ്പിക്കൈയിലേക്കും ഇൻഫെക്ഷൻ ബാധിച്ചതായി കണ്ടെത്തി. ചെളി വാരി എറിയാതിരിക്കാൻ കൂടിനകത്ത് സ്ഥലപരിമിതി ഉണ്ടാക്കിയിരുന്നു. മസ്തകത്തിലെ പരിക്കിൽ ഡോക്ടർമാർ വീണ്ടും മരുന്നുവെച്ചിരുന്നു. ഡോക്ടർമാർ ചികിൽസിച്ചു വരവേ ആന പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ കൂടുതൽ വിവരങ്ങൾ വ്യക്തമാകും.