20 February, 2025 09:55:38 AM
വിശാഖപട്ടണം ചാരക്കേസ്: മലയാളിയടക്കം മൂന്നു പേര്‍ അറസ്റ്റിൽ

ന്യൂഡൽഹി: വിശാഖപട്ടണം ചാരക്കേസിൽ മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റിലായി. മലയാളിയായ പിഎ അഭിലാഷിനെ കൊച്ചിയിൽ നിന്നാണ് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലെ ഉത്തര കന്നട ജില്ലയിൽ നിന്നും വേദൻ ലക്ഷ്മണ്‍ ടന്‍ഡേൽ, അക്ഷയ് രവി നായിക് എന്നിവരെയും പിടികൂടി. പിടിയിലായവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പാക് ചാരസംഘടനയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് എന്‍ഐഎ അറിയിച്ചു.
അറസ്റ്റിലായ മൂന്നുപേരും കാര്‍വാര്‍ നാവിക സേന ആസ്ഥാനത്തെയും കൊച്ചി നാവിക സേനാ ആസ്ഥാനത്തെയും സുപ്രധാന വിവരങ്ങള്‍ കൈമാറുകയും അതിന് പണം കൈപ്പറ്റുകയും ചെയ്തെന്നാണ് എന്‍ഐയുടെ കണ്ടെത്തൽ. നാവികസേനയുടെ സുപ്രധാന വിവരങ്ങള്‍ പാക് ചാരസംഘടനയ്ക്ക് കൈമാറിയെന്നാണ് കേസ്. കേസിൽ നേരത്തെ അഞ്ചു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.