19 February, 2025 11:18:55 AM
മൂന്നാറിലെ ഡബിൾ ഡെക്കർ ബസിന്‍റെ മുകൾ നിലയിലെ ചില്ല് തകർന്നു

ഇടുക്കി: മൂന്നാറിലെ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസിന്റെ ചില്ലുകൾ തകർന്നു. കഴിഞ്ഞ ദിവസം അറ്റകുറ്റപ്പണിക്കായി ബസ് വർക്ക് ഷോപ്പിൽ എത്തിച്ചിരുന്നു. ഇതിനിടെയാണ് സംഭവം. കെഎസ്ആർടിസിയുടെ ആർ എൻ765 ഡബിൾ ഡക്കർ ബസാണ് മുന്നാറിൽ സര്‍വീസ് നടത്തുന്നത്. ഈ ബസിന്‍റെ മുകളിൽ നിലയിലെ മുൻഭാഗത്തെ ചില്ലാണിപ്പോള്‍ തകര്‍ന്നത്. ജീവനക്കാരുടെ അശ്രദ്ധയാണ് സംഭവത്തിന് പിന്നിലെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം. സംഭവത്തിൽ ഗതാഗത വകുപ്പ് റിപ്പോർട്ട് തേടിയിട്ടുണ്ട്. ചില്ല് ഇന്ന് തന്നെ മാറ്റുമെന്ന് കെഎസ്ആർടിസി വ്യക്തമാക്കിയിട്ടുണ്ട്.
കെഎസ്ആർടിസിയുടെ ഏറ്റവും പുതിയ സംരംഭമായ 'കെഎസ്ആർടിസി റോയൽ വ്യൂ' പദ്ധതിയുടെ ഭാഗമാണ് ഡബിൾ ഡക്കർ ബസ് സർവീസ്. ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് വിനോദ സഞ്ചാരികൾക്കായി കെഎസ്ആർടിസി റോയൽ വ്യൂ ഡബിൾ ഡക്കർ ബസിന്‍റെ സര്‍വീസ് ആരംഭിച്ചത്. ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറായിരുന്നു പദ്ധതി ഉദ്ഘാടനം ചെയ്തത്. ബസിൽ വെച്ചിരിക്കുന്ന ലൈറ്റുകൾ ഒന്നും തെളിക്കാനുള്ളതല്ലെന്നും രാത്രിയിൽ ഈ ബസ് സർവീസ് നടത്തുന്നില്ലെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു. ലൈറ്റ് ഇടേണ്ടെന്നും ജീവനക്കാര്‍ക്ക് നിര്‍ദേശം നൽകിയിരുന്നു. നിയമം ലംഘിച്ച് കെഎസ്ആർടിസി ബസില്‍ അലങ്കാര ലൈറ്റുകള്‍ വെച്ചിരിക്കുന്നുവെന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ നിര്‍ദേശം.