18 February, 2025 11:48:36 AM


​ഗ്യാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ



ന്യൂഡൽഹി: ​ഗ്യാനേഷ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. 1988 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോ​ഗസ്ഥനാണ് ​ഗ്യാനേഷ് കുമാർ. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ഇന്ന് സ്ഥാനമൊഴിയും. വിവേക് ജോഷിയാണ് പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർ. ഈ വർഷം ബിഹാറിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത വർഷം പശ്ചിമ ബം​ഗാൾ, അസം, തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പും ​ഗ്യാനേഷ് കുമാറാകും നിയന്ത്രിക്കുക.

കേരള കേഡർ ഉദ്യോ​ഗസ്ഥനായിരുന്ന ​ഗ്യാനേഷ് കുമാർ എറണാകുളം അസിസ്റ്റന്റ്‌ കലക്ടർ, അടൂർ സബ് കലക്ടർ, കേരള സംസ്ഥാന പട്ടികജാതി/വർഗ വികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടർ, കൊച്ചി കോർപ്പറേഷൻ മുനിസിപ്പൽ കമ്മീഷണർ, കേരള സംസ്ഥാന കോ- ഓപ്പറേറ്റീവ് ബാങ്ക് എംഡി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള സർക്കാരിന്റെ സെക്രട്ടറി എന്ന നിലയിൽ ഫാസ്റ്റ് ട്രാക്ക് പ്രോജക്ടുകൾ, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളും ​ഗ്യാനേഷ് കുമാർ കൈകാര്യം ചെയ്തിട്ടുണ്ട്.

ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കുകയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത ബിൽ തയ്യാറാക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ച ഉദ്യോ​ഗസ്ഥനാണ് ​ഗ്യാനേഷ് കുമാർ. അന്ന് അദ്ദേഹം ആഭ്യന്തര മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായിരുന്നു. പിന്നാലെ ആഭ്യന്തര മന്ത്രാലയം അഡീഷണൽ സെക്രട്ടറിയായിരിക്കെ ഉത്തർപ്രദേശിലെ അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീം കോടതി രേഖകളും കൈകാര്യം ചെയ്തു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞെടുക്കാനുള്ള സെലക്ഷൻ കമ്മിറ്റിയിൽ നിന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കേന്ദ്രം ഒഴിവാക്കിയത് വലിയ വിവാദങ്ങൾക്കു വഴി വച്ചിരുന്നു. ഇതിനെതിരായ ​ഹർജി സുപ്രീം കോടതിയുടെ പരി​ഗണനയിലാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 944