17 February, 2025 08:36:36 AM


ഡല്‍ഹിയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.0 രേഖപ്പെടുത്തി



ന്യൂഡൽഹി: പുലർച്ചെ 5.36ഓടെ ഡൽഹിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തി. ന്യൂ ഡൽഹിയാണ് ദൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. പലയിടത്തും പ്രകമ്പനം അനുഭവപ്പെട്ടതായാണ് വിവരം. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.ഡൽഹി, നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് പ്രധാനമായും ഭൂചലനം അനുഭവപ്പെട്ടത്. ഏതാനും നിമിഷങ്ങൾ മാത്രം നീണ്ടുനിന്ന ഭൂചലനം ജനങ്ങളിൽ പരിഭ്രാന്തി പരത്തി. സുരക്ഷാ മുൻകരുതലെന്ന നിലയിൽ പലരും വീടുകൾ വിട്ട് പുറത്തേയ്ക്ക് ഇറങ്ങിയിരുന്നു.

ഭൂകമ്പത്തിന് പിന്നാലെ ഡൽഹിയിലെ രാഷ്ട്രീയ നേതാക്കളും എക്‌സിലൂടെ പ്രതികരിച്ചു. ബിജെപി നേതാവ് തജീന്ദർ ബഗ്ഗ 'ഭൂകമ്പം?' എന്ന പോസ്റ്റ് ഇട്ടപ്പോൾ കോൺഗ്രസ് നേതാവ് അൽക്ക ലാംബയും സമാനമായ സന്ദേശം പങ്കുവെച്ചു. എഎപി നേതാക്കളായ അരവിന്ദ് കെജ്രിവാളും, അതിഷിയും ജനങ്ങളോട് നിർദ്ദേശങ്ങൾ പാലിക്കാൻ മുന്നറിയിപ്പ് നൽകി. സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നുവെന്നും ഇരുവരും അറിയിച്ചു‌.

അത്യാവശ്യ സേവനങ്ങൾക്കായി ബന്ധപ്പെടാൻ 112 എന്ന ഹെൽപ്പ് നമ്പറിൽ ബന്ധപ്പെടാൻ ഡൽഹി പൊലീസ് എക്സ് പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്. 'ഇന്നത്തെ ഭൂചലനത്തിൽ എല്ലാവരും സുരക്ഷിതരാണെന്ന് ഞങ്ങൾ കരുതുന്നു. എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ 112 എന്ന നമ്പറിൽ വിളിക്കൂ' എന്നായിരുന്നു ഡൽഹി പൊലീസ് എക്സിൽ കുറിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K