16 February, 2025 10:30:33 AM


തിക്കിലും തിരക്കിലും ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ 18 പേര്‍ മരിച്ചു



ന്യൂഡല്‍ഹി: മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ ഉത്തര്‍പ്രദേശിലേക്ക് പോകാനെത്തിയവരുടെ തിക്കിലും തിരക്കിലും ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ 18 പേര്‍ മരിച്ചു. പതിനൊന്നു സ്ത്രീകളും നാലു കുട്ടികളും മൂന്നു പുരുഷന്‍മാരുമാണ് മരിച്ചത്.

50 ൽ ഏറെ പേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. സ്‌റ്റേഷനിലെ 14, 15 പ്ലാറ്റ്‌ഫോമുകളിലാണ് അനിയന്ത്രിതമായ തിരക്ക് ഉണ്ടായത്. അപകടത്തില്‍ 15 ലേറെ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നായിരുന്നു ആദ്യ വിവരം. എന്നാല്‍ പിന്നീട് ആശുപത്രി അധികൃതര്‍ മരണം സ്ഥിരീകരിച്ചു.

കുംഭമേളയുമായി ബന്ധപ്പെട്ട് രണ്ട് പ്രത്യേക ട്രെയിനുകള്‍ റെയില്‍വേ സജ്ജീകരിച്ചിരുന്നു. ഈ ട്രെയിനുകള്‍ സ്‌റ്റേഷനിലേക്കെത്തിയപ്പോഴാണ് വലിയ തിക്കും തിരക്കും അനുഭവപ്പെട്ടത്. തിക്കിലും തിരക്കിലും അകപ്പെട്ട് നിരവധി പേര്‍ അബോധവസ്ഥയിലായി, തിരക്കിലമര്‍ന്ന് വീണ് ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. 14, 15 പ്ലാറ്റ്‌ഫോമുകളിലാണ് അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെട്ടത്.

സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സ്‌റ്റേഷനില്‍ തീര്‍ഥാടകരുടെ തിരക്ക് കുറയ്ക്കാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. സംഭവത്തില്‍ റെയില്‍വേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.

അടിയന്തര നടപടി കൈക്കൊള്ളാന്‍ ചീഫ് സെക്രട്ടറിക്കും കമ്മിഷണര്‍ക്കും ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന നിര്‍ദേശം നല്‍കി. ലഫ്റ്റനന്റ് ഗവര്‍ണര്‍ എല്‍എന്‍ജിപി ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദര്‍ശിച്ചു. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടുക്കം രേഖപ്പെടുത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K