06 February, 2025 06:00:28 PM
പണിമുടക്ക് ദിവസം കെഎസ്ആർടിസി ബസുകൾ നശിപ്പിച്ച സംഭവം: ജീവനക്കാർ അറസ്റ്റിൽ

കൊല്ലം: പണിമുടക്ക് ദിവസം കെഎസ്ആർടിസി ബസുകൾ നശിപ്പിച്ച സംഭവത്തിൽ ജീവനക്കാർ അറസ്റ്റിൽ. കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവന്മാരാണ് പിടിയിലായത്. കൊട്ടാരക്കര പൊലീസാണ് പ്രതികളെ പിടികൂടിയത്.
പണിമുടക്ക് നടന്ന ദിവസം എട്ട് കെഎസ്ആർടിസി ബസുകളുടെ വയറിംഗ് കിറ്റുകളാണ് നശിപ്പിക്കപ്പെട്ടിരുന്നു. ഇതിൽ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാറിൻ്റെ നിർദ്ദേശാനുസരണം പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കെഎസ്ആർടിസി 24 മണിക്കൂർ പണിമുടക്ക് നടത്തിയത്. ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തിലായിരുന്നു പണിമുടക്ക്.
പണിമുടക്ക് നിരവധി സ്ഥലങ്ങളിൽ സർവീസ് മുടങ്ങിയിരുന്നു. വിവിധ ജില്ലകളിൽ കെഎസ്ആർടിസി ഓഫീസുകൾ ഉപരോധിക്കുകയും ചെയ്തു. 12 പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് ടിഡിഎഫ് സമരം പ്രഖ്യാപിച്ചത്. ശമ്പളം എല്ലാ മാസവും അഞ്ചിനകം നൽകുമെന്ന മുഖ്യമന്ത്രിയുടെയും ഗതാഗത വകുപ്പ് മന്ത്രിയുടെയും ഉറപ്പ് പാലിക്കാത്തതാണ് സമര കാരണങ്ങളിൽ പ്രധാനമായി ചൂണ്ടിക്കാണിച്ചിരുന്നത്.