01 February, 2025 10:03:49 AM


മാന്നാറിൽ വൃദ്ധ ദമ്പതികൾ മരിച്ചത് കൊലപാതകം; കുറ്റം സമ്മതിച്ച് മകൻ



ആലപ്പുഴ: മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. മകൻ വിജയൻ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. സ്വത്ത് തർക്കമാണ് പ്രകോപനത്തിനു പിന്നിൽ. സ്ഥലം എഴുതി നൽകാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വീടിനു സമീപത്തെ വയലിൽ നിന്നുമാണ് വിജയനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. 

ഇന്ന് രാവിലെയാണ് ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ (92), ഭാര്യ ഭാരതി (90) എന്നിവരെയാണ് പുലർച്ചെ വീടിന് തീപിടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

ഇവർക്ക് അഞ്ച് മക്കളാണുള്ളത്. മൂന്നാമത്തെ മകനാണ് വിജയൻ. ഇയാൾ ഭാര്യയും മക്കളുമായി പിണങ്ങി കഴിയുകയാണ്. ഇടയ്ക്ക് രാഘവനും ഭാരതിയും താമസിക്കുന്ന വീട്ടിലേക്ക് എത്താറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇയാൾ മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കുകയും രാഘവനെ ക്രൂരമായി മർദിക്കുകയും ചെയ്തിരുന്നു. ഇതിൽ ഇവർ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. വിജയൻ മാതാപിതാക്കളെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കളും നാട്ടുകാരും പറയുന്നു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K