21 January, 2025 06:32:01 PM


എൻ എം വിജയന്‍റെ മരണം: വയനാട് ഡിസിസി ഓഫീസിൽ പൊലീസ് പരിശോധന



മാനന്തവാടി: വയനാട് ഡിസിസി ട്രഷററായിരുന്ന എൻ എം വിജയന്‍റെ ആത്മഹത്യാ കേസുമായി ബന്ധപ്പെട്ട് വയനാട് ഡിസിസിയിൽ പൊലീസ് പരിശോധന. ഡിസിസിയിലെ രേഖകൾ പരിശോധിച്ചു. ഡിസിസി പ്രസിഡന്‍റ് എൻ ഡി അപ്പച്ചനൊപ്പം എത്തിയാണ് അന്വേഷണസംഘം പരിശോധന നടത്തിയത്. അതേസമയം പൊലീസോ എൻ ഡി അപ്പച്ചനോ പരിശോധന സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. 

അടുത്ത ദിവസം ഐ സി ബാലകൃഷ്ണൻ എംഎൽഎയെ ചോദ്യംചെയ്യും. കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെയും ചോദ്യം ചെയ്തേക്കും. എന്നാൽ ചോദ്യംചെയ്യലിന് തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് കെ സുധാകരൻ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കും. മൊഴിയെടുക്കാൻ വിളിപ്പിച്ചതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും കെ സുധാകരൻ പറഞ്ഞു.

എൻ എം വിജയൻ സുധാകരന് കത്തെഴുതിയെന്നത് കണക്കിലെടുത്താണ് സുധാകരനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യുന്നത് എന്നാണെന്നതിൽ വൈകാതെ തീരുമാനമെടുക്കും. ആരോപണ വിധേയനായ കോൺ​ഗ്രസ് നേതാവ് കെ കെ ഗോപിനാഥന്റെ വസതിയിൽ ഇന്നലെ അന്വേഷണസംഘം തെരച്ചിൽ നടത്തിയിരുന്നു. തുടർന്ന് അന്വേഷണത്തെ സഹായിക്കുന്ന ചില രേഖകൾ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. 

വിഷം കഴിച്ചു മരിക്കുന്നതിന് മുൻപ് മൂത്ത മകൻ വിജേഷിന്‌ എഴുതിയ കത്തിലാണ് സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വിജയൻ വ്യക്തമാക്കിയത്. കെ പി സി സി പ്രസിഡന്റ് കെ സുധാകരന് എഴുതിയ കത്തിലാണ് പാർട്ടി നേതാക്കളുടെ വഞ്ചയനയെപ്പറ്റി അദ്ദേഹം പറയുന്നത്.  ഐ സി ബാലകൃഷ്ണനും എൻ ഡി അപ്പച്ചനും ആവശ്യപ്പെട്ടത്  അനുസരിച്ചാണ് ബത്തേരി അർബൻ ബാങ്ക് നിയമനത്തിന് പണം വാങ്ങിയതെന്ന് കത്തിൽ പറയുന്നു.

നിയമനത്തിന് പണം വാങ്ങിയത് എംഎൽഎ ആണെന്ന് ആരോപിക്കുന്ന കത്തിൽ ഈ വിവരങ്ങളെല്ലാം കെപിസിസി നേതൃത്വത്തിന് അറിയാമെന്നും പറയുന്നുണ്ട്. ഡിസിസി പ്രസിഡന്റ സ്ഥാനം വഹിച്ചിരുന്ന മൂന്ന് നേതാക്കൾ പണം വീതിച്ചെടുത്തെന്നും ആരോപണമുണ്ട്. സമാന സ്വഭാവമുള്ള കത്തുകൾ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും സ്വന്തം കൈപ്പടയിൽ എൻ എം വിജയൻ എഴുതി സൂക്ഷിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 921