17 January, 2025 04:39:24 PM
പാലായിൽ വിദ്യാർഥിയെ സഹപാഠികൾ ഉപദ്രവിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവം; മന്ത്രി റിപ്പോര്‍ട്ട് തേടി
പാലാ: കോട്ടയം പാലായിൽ ഒമ്പതാം ക്ലാസുകാരനെ സഹപാഠികൾ ചേർന്ന് ഉപദ്രവിച്ച ശേഷം നഗ്നദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച സംഭവത്തിൽ കുട്ടിയുടെ അച്ഛന്‍റെ പരാതിയിൽ പാലാ പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തിൽ മന്ത്രി വീണാ ജോർജ് വനിത ശിശു വികസന വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടി. ഈ മാസം 10 തീയതി ആണ് പാലാ സെന്‍റ് തോമസ് സ്കൂളിലെ ഏഴ് വിദ്യാർത്ഥികൾ ചേർന്ന് സഹപാഠിയായ വിദ്യാർത്ഥിയെ മർദിച്ചത്.
ക്ലാസ് മുറിയിൽ വെച്ച് വിദ്യാർഥിയുടെ വസ്ത്രങ്ങൾ ഊരി മാറ്റി ദൃശ്യങ്ങൾ പകർത്തി. വിദ്യാർത്ഥി എതിർക്കാൻ ശ്രമിക്കുമ്പോൾ സംഘം ചേർന്ന് ബലംപ്രയോഗിച്ചാണ് വസ്ത്രങ്ങൾ ഊരി മാറ്റിയത്. വസ്ത്രങ്ങൾ ഊരി മാറ്റുന്ന ദൃശ്യങ്ങൾ പകർത്തുകയും വിദ്യാർത്ഥിയുടെ നഗ്ന വീഡിയോ ഇൻസ്റ്റഗ്രാം വഴിയും വാട്സ് ആപ്പ് വഴിയും പ്രചരിപ്പിക്കുകയും ചെയ്തു. അക്രമം ഉണ്ടായ വിവരം വിദ്യാർത്ഥി വീട്ടിൽ പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം വിദ്യാർത്ഥിയുടെ മാതാപിതാക്കളുടെ ശ്രദ്ധയിൽ ദൃശ്യങ്ങൾ വന്നതോടെയാണ് വിവരം പുറത്തിറയുന്നത്. ഇതിനുപിന്നാലെയാണ് വിദ്യാർത്ഥിയുടെ അച്ഛൻ പാലാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
ആരും ആദ്യം സംഭവം അറിഞ്ഞില്ലെന്നാണ് പറയുന്നതെന്നും ഇന്‍സ്റ്റാഗ്രാമിൽ വീഡിയോ കണ്ടപ്പോഴാണ് തങ്ങള്‍ ഇക്കാര്യം അറിയുന്നതെന്നും വിദ്യാര്‍ത്ഥിയുടെ അച്ഛൻ പറഞ്ഞു.സംഭവത്തിൽ പാലാ പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. സിഡബ്ല്യുസി പൊലീസിനോടും സ്കൂളിനോടും വിശദീകരണം തേടി. സ്കൂളിൽ വെച്ച് നടന്ന അതിക്രമം അറിഞ്ഞില്ലെന്നാണ് അധ്യാപകരുടെയും മാനേജമെന്‍റിന്‍റെയും വിശദീകരണം. എന്നാൽ, കുട്ടിയുടെ പരാതി കിട്ടിയ സാഹചര്യത്തിൽ ദൃശ്യങ്ങളിൽ ഉള്ള വിദ്യാർത്ഥികൾക്ക് എതിരെ കർശന നടപടി ഉണ്ടാകുമെന്നു സ്കൂൾ അധികൃതർ പറഞ്ഞു.