17 January, 2025 12:55:43 PM
ഗ്രീഷ്മയുടെ അമ്മയെ എന്തിന് വെറുതേവിട്ടു, ഹൈക്കോടതിയെ സമീപിക്കുമെന്ന് ഷാരോണിന്‍റെ മാതാപിതാക്കള്‍
തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ കോടതി വിധി കേട്ട് പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ മാതാപിതാക്കള്‍. ഗ്രീഷ്മയുടെ അമ്മയും കുറ്റക്കാരിയല്ലേ?. പിന്നെ അവരെ എന്തിനാണ് വെറുതെ വിട്ടത്. അമ്മയും കൂടി ചേര്‍ന്നല്ലേ എല്ലാം ചെയ്തത് എന്നും ഷാരോണിന്റെ അമ്മ ചോദിച്ചു. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിടരുതായിരുന്നുവെന്ന് ഷാരോണിന്റെ അച്ഛന്‍ പറഞ്ഞു.
വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കും. കേസില്‍ ഗ്രീഷ്മയെ ശിക്ഷിക്കുമെന്ന് വ്യക്തമായിട്ടുണ്ട്. ശിക്ഷ എന്താണെന്ന് അറിഞ്ഞശേഷം തുടര്‍നടപടി ആലോചിച്ച് തീരുമാനിക്കും. കേസുമായി മുന്നോട്ട് പോകും. വിധിപ്പകര്‍പ്പ് ലഭിച്ചശേഷം ഹൈക്കോടതിയെ സമീപിക്കുമെന്നും ഷാരോണിന്റെ അച്ഛന്‍ പറഞ്ഞു. ഏറെ സങ്കീര്‍ണമായ കേസില്‍ പ്രതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത് അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും വിജയമാണെന്ന് കേസന്വേഷണത്തിന് നേതൃത്വം നല്‍കിയ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
കാമുകന്‍ ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മ കുറ്റക്കാരിയൊണ് കോടതി വിധിച്ചത്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ എം ബഷീര്‍ ആണ് വിധി പ്രസ്താവിച്ചത്. കൊലപാതകം, വിഷം നല്‍കല്‍, തട്ടിക്കൊണ്ടുപോകല്‍, പൊലീസിനെ തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങി ഗ്രീഷ്മയ്‌ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തി.
കേസില്‍ പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് രണ്ടാംപ്രതി സിന്ധുവിനെ വെറുതെ വിട്ടത്. തെളിവു നശിപ്പിക്കാന്‍ സഹായിച്ച ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ നായരും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രതികളുടെ ശിക്ഷ നാളെ വിധിക്കും. 2022 ഒക്ടോബര്‍ 14ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. മറ്റൊരാളെ വിവാഹം കഴിക്കാനായി, കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി സുഹൃത്തായ ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.