15 January, 2025 01:00:35 PM


എന്തും വിലയ്ക്ക് വാങ്ങാമെന്ന് ബോബി ചെമ്മണ്ണൂർ കരുതേണ്ട; വീണ്ടും കടുപ്പിച്ച് ഹൈക്കോടതി



കൊച്ചി: ബോബി ചെമ്മണൂര്‍ നിയമത്തിനും മുകളിലാണോയെന്ന് ഹൈക്കോടതി. ഇന്നലെ ജാമ്യം ലഭിച്ചിട്ടും ജയിലില്‍ നിന്നും പുറത്തിറങ്ങാതിരുന്നതില്‍ കൃത്യമായ മറുപടി വേണം. ബോബിയുടെ അഭിഭാഷകരുടെ വാദങ്ങള്‍ സ്വീകാര്യമല്ലെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഉച്ചയ്ക്ക് 12 ന് വീണ്ടും കേസ് പരിഗണിച്ചപ്പോഴാണ് ബോബി ചെമ്മണൂരിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം തുടര്‍ന്നത്.

കോടതി ഇന്നലെ മൂന്നരയ്ക്ക് ജാമ്യ ഉത്തരവ് പുറത്തിറക്കിയതാണ്. എന്നിട്ടും ഇന്നലെ എന്തുകൊണ്ട് പുറത്തിറങ്ങിയില്ല. പുറത്തിറങ്ങാത്തതിന്റെ കാരണം പ്രതിഭാഗം വ്യക്തമായി വിശദീകരിക്കണം. ഇതു ശരിയായ നടപടിയല്ല. കോടതിയെ വെല്ലുവിളിക്കുകയാണോ?. കോടതിക്ക് ഒരു കാരണവശാലും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ജയിലില്‍ നിന്നും പുറത്തിയപ്പോള്‍ ബോബി ചെമ്മണൂര്‍ മാധ്യമങ്ങളോട് എന്താണ് പറഞ്ഞതെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ചോദിച്ചു. മറ്റു തടവുകാരുടെ കാര്യം ബോബി നോക്കുന്നത് എന്തിനാണ്. അതിന് അയാൾ ആരാണ്?. നിയമത്തിനും മുകളിലാണെന്ന തോന്നല്‍ വേണ്ട. എന്തും വിലയ്ക്ക് വാങ്ങാമെന്ന വിചാരം വേണ്ട. നിരുപാധികം മാപ്പു പറഞ്ഞില്ലെങ്കില്‍ ജാമ്യം റദ്ദാക്കി നോട്ടീസ് അയക്കുമെന്ന് കോടതി പറഞ്ഞു.

ബോബി ചെമ്മണൂരിനോട് സംസാരിച്ച് നിലപാട് അറിയിക്കാന്‍ പ്രതിഭാഗത്തിനോട് കോടതി നിര്‍ദേശിച്ചു. മുതിര്‍ന്ന അഭിഭാഷകനെ അപമാനിക്കുകയാണ് ബോബി ചെയ്തത്. ജയിലിന് പുരത്തിറങ്ങിയ വേളയില്‍ ബോബി ചെമ്മണൂര്‍ നടത്തിയ പ്രതികരണം കോടതി പരിശോധിക്കും. കേസ് ഉച്ചയ്ക്ക് 1.45 ന് പരിഗണിക്കാനായി മാറ്റി. അപ്പോള്‍ ബോബിയോട് സംസാരിച്ച് നിലപാട് അറിയിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K