14 January, 2025 12:39:06 PM


'എന്തിനാണ് ഇയാൾ ഇങ്ങനെയൊക്കെ കാണിക്കുന്നത്? നടി അപ്പോൾ പ്രതികരിക്കാതിരുന്നത് അവരുടെ മാന്യത കൊണ്ട്'



കൊച്ചി: നടി ഹണിറോസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ ജാമ്യഹര്‍ജി പരിഗണിക്കവെ ബോബി ചെമ്മണൂരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. എന്തിനാണ് ഈ മനുഷ്യന്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് കോടതി ചോദിച്ചു. ദ്വയാര്‍ത്ഥം അല്ലാതെ ബോബി പറഞ്ഞതെന്താണ്?. ഡബിള്‍ മീനിങ് ഇല്ല എന്ന് എങ്ങനെ പറയാനാകുമെന്ന് പ്രതിഭാഗത്തോട് കോടതി ചോദിച്ചു.

ജാമ്യഹര്‍ജിയിലെ ചില പരാമര്‍ശങ്ങള്‍ നടിയെ വീണ്ടും അപമാനിക്കുന്നതല്ലേ?. വീഡിയോ പരിശോധിച്ച കോടതി, അത് ലോകം വീണ്ടും കേള്‍ക്കട്ടെയെന്ന് അഭിപ്രായപ്പെട്ടു. സെലിബ്രിറ്റി സ്റ്റാറ്റസ് ഉണ്ടെന്ന് സ്വയം കരുതുന്നയാള്‍ എന്തിനാണ് ഇങ്ങനെയൊക്കെ പെരുമാറുന്നത് എന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ ആരാഞ്ഞു. മോശം പരാമര്‍ശം നടത്തുന്നതിന്റെ പ്രത്യാഘാതം ജനം മനസ്സിലാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

കടയുടെ ഉദ്ഘാടന സമയത്ത് ബോബി ചെമ്മണൂര്‍ ദ്വയാര്‍ത്ഥ പ്രയോഗം നടത്തുമ്പോഴും നടി വളരെ മാന്യമായാണ് പെരുമാറുന്നത്. അത് അവരുടെ മാന്യതയാണ് പ്രകടമാക്കുന്നത്. ആ സമയത്ത് അവര്‍ പ്രതികരിക്കാതിരുന്നത് അവരുടെ മാന്യതയായി കണക്കാക്കണമെന്ന് കോടതി നിരീക്ഷിച്ചു. ബോബി ഇപ്പോള്‍ ജയിലിലാണ്. പാസ്‌പോര്‍ട്ട് ബോബി ചെമ്മണൂര്‍ സറണ്ടര്‍ ചെയ്തിട്ടുള്ള കാര്യവും കോടതി പരിഗണിച്ചു.

ബോബി ചെമ്മണൂര്‍ തുടര്‍ച്ചയായി ഇത്തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തുന്നയാളാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഒരു തവണയല്ല, പലതവണ ഇയാള്‍ അത് ആവര്‍ത്തിക്കുന്നു. അതുകൊണ്ടു തന്നെ സമൂഹത്തിന് പാഠമാകുന്ന തീരുമാനമാണ് കോടതിയില്‍ നിന്നും ഉണ്ടാകേണ്ടതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയാലുണ്ടാകുന്ന പ്രത്യാഘാതം സമൂഹത്തിന് ഇപ്പോള്‍ തന്നെ ബോധ്യമായിട്ടുണ്ടാകുമല്ലോയെന്ന് കോടതി അഭിപ്രായപ്പെട്ടു.

നടി ഹണിറോസിനെ ലൈം​ഗികമായി അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ ബോബി ചെമ്മണൂർ ഇപ്പോൾ കാക്കനാട് ജില്ലാ ജയിലിലാണ്. ആറു ദിവസത്തിന് ശേഷമാണ് ബോബിക്ക് കേസിൽ ജാമ്യം ലഭിക്കുന്നത്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ബോബി ചെമ്മണൂര്‍ വെള്ളിയാഴ്ച ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K