14 January, 2025 09:10:19 AM


ബോബി ചെമ്മണൂർ പുറത്തിറങ്ങുമോ?; ജാമ്യഹർജി ഇന്ന് ഹൈക്കോടതി പരി​ഗണിക്കും



കൊച്ചി: നടി ഹണി റോസിനെ അധിക്ഷേപിച്ചെന്ന കേസില്‍ ജയിലില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ് നിലപാട് അറിയിക്കും. ബോബി ചെമ്മണ്ണൂരിന് ജാമ്യം നല്‍കരുതെന്നാണ് പൊലീസിന്റെ നിലപാട്. ബോബി ചെമ്മണ്ണൂരിന് ജാമ്യം നല്‍കിയാല്‍ പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും തെളിവ് നശിപ്പിക്കുമെന്നാണ് പൊലീസിന്റെ വാദം.

ഹണി റോസിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡിലാണ് ബോബി ചെമ്മണ്ണൂര്‍. നിലവില്‍ കാക്കനാട് ജില്ലാ ജയിലിലാണ് ബോബി ചെമ്മണ്ണൂർ ഉളളത്. ഭാരതീയ ന്യായ സംഹിതയിലെ 75 വകുപ്പ് 1 ഉപവകുപ്പ് അനുസരിച്ച് ജാമ്യം ലഭിക്കാത്ത രണ്ട് കുറ്റങ്ങളാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയത്.

ജാമ്യം നേടാനായാല്‍ ബോബി ചെമ്മണ്ണൂരിന് ഇന്ന് തന്നെ പുറത്തിറങ്ങാനാവും. ഇല്ലെങ്കില്‍ ജാമ്യം ലഭിക്കുന്നതുവരെ ജയിലില്‍ തന്നെ കഴിയണം. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ബോബി ചെമ്മണ്ണൂരിന് ഒരു പ്രത്യേക പരിഗണനയും നല്‍കാനാവില്ലെന്നാണ് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 942