11 January, 2025 08:54:15 AM
പഞ്ചാബിൽ ആം ആദ്മി എംഎൽഎ വെടിയേറ്റ് മരിച്ച നിലയിൽ
ചണ്ഡീഗഢ്: പഞ്ചാബിൽ എഎപി എംഎൽഎയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ലുധിയാന എംഎൽഎയായ ഗുർപ്രീത് ഗോഗി ബാസി(57)യെയാണ് വീട്ടിനുള്ളിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. വെടിയേറ്റ മുറിവുകളോടെ ഗുർപ്രീത് ഗോഗിയെ കുടുംബാംഗങ്ങൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സ്വയം വെടിവെച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പകൽ സമയത്തെ പതിവ് പരിപാടികൾക്ക് ശേഷം എംഎൽഎ ഘുമർ മണ്ഡിയിലെ വീട്ടിലേക്ക് മടങ്ങിയിരുന്നതായി എഎപി ജില്ലാ സെക്രട്ടറി പരംവീർ സിംഗ് പറഞ്ഞു. അവസാന നിമിഷങ്ങളിൽ അദ്ദേഹം കുടുംബത്തോടൊപ്പമായിരുന്നു. വെടിയൊച്ചയുടെ ശബ്ദം കേട്ട് ഭാര്യ ഡോ.സുഖ്‌ചെയിൻ കൗർ ഗോഗി വന്ന് നോക്കിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ ഗുർപ്രീതിനെ കണ്ടെത്തുകയായിരുന്നു.