10 January, 2025 08:07:30 PM
പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കിയത് അഭിഷേക് ബാനര്‍ജി
ന്യൂഡൽഹി: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദേശീയ ജനറല്‍ സെക്രട്ടറിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി അംഗത്വം നല്‍കി സ്വീകരിച്ചു. അന്‍വര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നെന്ന് ചിത്രങ്ങള്‍ അടക്കം ഔദ്യോഗിക എക്‌സ് പേജിലൂടെയാണ് ടിഎംസി വിവരം പുറത്ത് വിട്ടിരിക്കുന്നത്. കൊല്‍ക്കത്തയില്‍ വെച്ചാണ് അംഗത്വം സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം.
ഇടതുപക്ഷവുമായി തെറ്റിപ്പിരിഞ്ഞ പി വി അന്‍വര്‍ ആദ്യം ഡിഎംകെയിലേക്ക് ചേക്കേറാനാണ് ശ്രമിച്ചത്. എന്നാല്‍, ഡിഎംകെ പ്രവേശനത്തിന് പച്ചക്കൊടി കാട്ടാതിരുന്നതോടെ അതേപേരില്‍ തന്നെ സംഘടന രൂപീകരിച്ച് അന്‍വര്‍ പ്രവര്‍ത്തനം തുടങ്ങി. ഇതിനിടെ ഡിഎഫ്ഒ ഓഫീസ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പി വി അന്‍വറിനെ അറസ്റ്റ് ചെയ്തതോടെ പ്രതിപക്ഷത്ത് നിന്ന് കൂടുതല്‍ പിന്തുണ ലഭിച്ചു. അന്‍വറിന്റെ യുഡിഎഫ് പ്രവേശനം ഉടന്‍ ഉണ്ടാവുമെന്ന പ്രവചനങ്ങള്‍ക്കിടയിലാണ് അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് എത്തുന്നത്