09 January, 2025 07:59:58 PM


വിജ്ഞാനകേരളം​: ഏകദിന പരിശീലനം സംഘടിപ്പിച്ചു



കോട്ടയം: കേരള നോളജ് ഇക്കോണമി മിഷൻ, കുടുംബശ്രീ ജില്ലാ മിഷൻ, കില എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിജ്ഞാന കേരളം ഏകദിന പരിശീലനം നടന്നു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. വിജ്ഞാനകേരളം ജനകീയ കാമ്പയിൻ അഡൈ്വസർ ഡോ. ടി.എം. തോമസ് ഐസക്, കേരള നോളജ് ഇക്കണോമി മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, ജില്ലാ പ്ലാനിങ് ഓഫീസർ എം.പി. അനിൽകുമാർ, കില ജില്ലാ ഫെസിലിറ്റേറ്റർ ബിന്ദു അജി, കേരള നോളജ് ഇക്കണോമി മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ കെ.ജി. പ്രീത എന്നിവർ പ്രസംഗിച്ചു.
ഡോ. ടി.എം. തോമസ് ഐസക്, കേരള നോളജ് ഇക്കണോമി മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല, അനൂപ് മർക്കോസ് മാണി (കെ-ഡിസ്‌ക്), സിബി അക്ബർ അലി, അനൂപ് പ്രകാശ് (കേരള നോളജ് ഇക്കണോമി മിഷൻ), ടാലന്റ് ക്യുറേഷൻ എക്‌സിക്യൂട്ടീവ് ജിനു ജോർജ്ജ് എന്നിവർ ക്ലാസെടുത്തു.  

ജോയിന്റ് ബി.ഡി.ഒ.മാർ, കില തീമാറ്റിക് എക്‌സ്‌പേർട്ട്‌സ്, കില ആർ.ജി.എസ്.എ. കോ-ഓർഡിനേറ്റർമാർ, ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ, കുടുംബശ്രീ ഡി.ഡി.യു.ജി.കെ.വൈ. ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ, യുവജനക്ഷേമ ബോർഡ് കോ-ഓർഡിനേറ്റർമാർ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ഇന്റേൺസ്, നഗരസഭകളിലെ കുടുംബശ്രീ സിറ്റി മിഷൻ മാനേജർമാർ, പെയ്ഡ് റിസോഴ്‌സ് പേഴ്‌സൺമാർ, ഇൻഡസ്ട്രിയൽ എക്‌സ്റ്റൻഷൻ ഓഫീസർമാർ, ബന്ധപ്പെട്ട നഗരസഭ ജീവനക്കാർ എന്നിവർക്കാണ് പരിശീലനം നൽകിയത്.

ആഗോളരംഗത്തെ മാറ്റങ്ങൾ ഉൾക്കൊണ്ട് കേരളത്തിൽ വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കാനും കേരളത്തിലെ മനുഷ്യവിഭവശേഷിക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ ലഭ്യമാക്കാനുമായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതിയാണ് നോളജ് എക്കണോമി മിഷൻ. കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരുടെ ഇഷ്ടതൊഴിലിൽ അവർക്കുള്ള നൈപുണ്യം വർധിപ്പിച്ച് ആഗോള തൊഴിലിടങ്ങളിൽ മെച്ചപ്പെട്ട തൊഴിൽ കണ്ടെത്താൻ പ്രാപ്തരാക്കുകയും അവസരമൊരുക്കുകയുമാണ് മിഷൻ  ചെയ്യുന്നത്. ഇതിനായി ഡിജിറ്റൽ വർക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം (ഡി.ഡബ്ല്യൂ.എം.എസ്.) എന്ന പേരിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോം സജ്ജീകരിച്ചിട്ടുണ്ട്. ഡി.ഡബ്ല്യൂ.എം.എസ്. വഴി 2026നകം 20 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.

എസ്എസ്എൽസി, പ്ലസ് ടു, ഐടിഐ. ഡിപ്ലോമ, ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷൻ, എൻജിനീയറിങ്ങ്, നഴ്സിങ്, മാനേജ്‌മെന്റ്‌റ് തുടങ്ങി എല്ലാ തൊഴിലന്വേഷകർക്കും തൊഴിൽമേളകളിലൂടെ തൊഴിലവസരം സാധ്യമാക്കിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 944