09 January, 2025 12:30:41 PM


വിസ്മയ കേസ്; സുപ്രീം കോടതിയെ സമീപിച്ച് കിരൺ



കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് ആയുർവേദ മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയ ജീവനൊടുക്കിയ സംഭവത്തിൽ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരൺ കുമാർ സുപ്രീം കോടതിയെ സമീപിച്ചു. പത്ത് വർഷം ശിക്ഷ വിധിച്ച വിചാരണക്കോടതിയുടെ വിധിക്കെതിരെ കിരൺ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇതിൽ രണ്ട് വർഷമായിട്ടും തീരുമാനമാകാത്ത സാഹചര്യത്തിലാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

വിസ്മയയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കിരൺ കോടതിയെ സമീപിച്ചത്. ആത്മഹത്യ പ്രേരണക്കുറ്റം നിലനിൽക്കില്ലെന്നും മാധ്യമവിചാരണയുടെ ഇരയാണെന്നുമാണ് കിരൺ ഹർജിയിൽ പറയുന്നത്.

അതേസമയം 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട കിരണിന് ജയിൽ മേധാവി ഡിസംബർ 30ന് പരോള്‍ അനുവദിച്ചിരുന്നു. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന കിരണ്‍ പരോളിന് ആദ്യം അപേക്ഷ നൽകിയെങ്കിലും പ്രൊബേഷൻ റിപ്പോർട്ടും പൊലീസ് റിപ്പോർട്ടും എതിരായതിനാൽ ജയിൽ സൂപ്രണ്ട് അപേക്ഷ തള്ളുകയായിരുന്നു. എന്നാൽ രണ്ടാമത് അപേക്ഷ നൽകിയപ്പോൾ പ്രൊബേഷൻ റിപ്പോർട്ട് അനുകൂലമായും പൊലീസ് റിപ്പോർട്ട് പ്രതികൂലമായും വന്നു. തുടർന്ന് ജയില്‍ മേധാവി 30 ദിവസത്തെ പരോള്‍ അനുവദിക്കുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K