07 January, 2025 03:56:56 PM
അസമില്‍ കൽക്കരി ഖനിക്കുള്ളിൽ വെള്ളപ്പൊക്കം; 3പേർ മരിച്ചതായി റിപ്പോർട്ട്
ഗുവാഹത്തി: അസമില്‍ കൽക്കരി ഖനിക്കുള്ളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മൂന്ന് പേർ മരിച്ചതായി റിപ്പോർട്ട്. 18 ഖനന തൊഴിലാളികൾ കുടുങ്ങി കിടക്കുന്നതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ദിമാ ഹസാവോ ജില്ലയിലെ ഉമറാങ്‌സോ മേഖലയിലുള്ള ഖനിയിൽ ഇന്നലെ രാവിലെയോടെയാണ് വെള്ളം കയറിയത്.
മൂന്നുറടിയോളം താഴ്ച്ചയുള്ള ഖനിയിൽ നൂറടി താഴ്ച്ചയിൽ വരെ വെള്ളം കയറിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മോട്ടറുകള്‍ ഉപയോഗിച്ച് ഖനിയിൽനിന്ന് വെള്ളം പമ്പ് ചെയ്ത് കളഞ്ഞാണ് നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. രക്ഷാപ്രവർത്തനത്തിനായി എസ് ഡി ആർഎഫ്, എൻഡിആർഎഫ് സേനാംഗങ്ങളും അപകടസ്ഥലത്തെത്തി. രക്ഷാപ്രവർത്തനത്തിനായി അസം മുഖ്യമന്ത്രി സൈന്യത്തിന്റെ സഹായം തേടിയിരുന്നു.
ഖനിയിൽ അപ്രതീക്ഷിതമായുണ്ടായ വെള്ളപൊക്കത്തില്‍ തൊഴിലാളികള്‍ കുടുങ്ങുകയായിരുന്നു. വിശാഖപട്ടണത്ത് നിന്ന് മുങ്ങൽ വിദഗ്ധരടക്കം ഉടനെത്തും. ഇന്നലെ രാത്രി നീണ്ടും രക്ഷാപ്രവർത്തനം തുടർന്നു. മൂന്ന് മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെങ്കിലും ഇതുവരെ പുറത്തെത്തിച്ചില്ലെന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.