06 January, 2025 09:50:12 AM


കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം നാലായി



ഇടുക്കി: പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം നാലായി. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്. മാവേലിക്കര സ്വദേശി ബിന്ദു നാരായണൻ, അരുൺ ഹരി, രമ മോഹൻ, സംഗീത് എന്നിവരാണ് മരിച്ചത്. 

34 പേർ ആണ് ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് വിവരം. ഇടുക്കി പുല്ലുപാറക്ക് സമീപമാണ് അപകടം ഉണ്ടായത്. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ഇയാളെ പാല മാർസ്ലീവ ആശുപത്രിയിലേക്ക് മാറ്റി. 

ബിന്ദു നാരായണനെ വിദഗ്ദ ചികിത്സക്കായി പാലായിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരിച്ചത്. അതീവ ​ഗുരുതരാവസ്ഥയിലായിരുന്നു ബിന്ദു. ഇവരുടെ ഭർത്താവ് ഉണ്ണിത്താനും പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. 

മടക്കയാത്രയിലാണ് വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടത് എന്നാണ് പ്രാഥമിക വിവരം. വളവിൽ വെച്ച് ബസ് നിയന്ത്രണം വിട്ട് 30 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. എന്നാൽ മരങ്ങളിൽ തട്ടി ബസ് നിന്നു. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം ഉണ്ടായത്.രക്ഷാപ്രവർത്തനത്തിനായി പീരുമേടിൽ നിന്നും മുണ്ടക്കയത്ത് നിന്നും ഫയ‍ർ ഫോഴ്സ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു. ഹൈവേ പൊലീസ് സംഘവും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പ് സംഘവും സ്ഥലത്ത് രക്ഷാപ്രവ‍ർത്തനത്തിനായി പോയിട്ടുണ്ട്. യാത്രക്കാ‍ർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K