05 January, 2025 11:43:05 AM
അന്തിമ വോട്ടർപട്ടിക തിങ്കളാഴ്ച പ്രസിദ്ധീകരിക്കും
കോട്ടയം: പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി ജില്ലയിലെ പാർലമെന്റ്, അസംബ്ലി നിയോജക മണ്ഡലങ്ങളുടെ അന്തിമ വോട്ടർപട്ടിക അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അറിയിച്ചു. ജനുവരി ആറിന് ഉച്ചയ്ക്ക് 12.15ന് ജില്ലാ കളക്ടറുടെ ചേംബറിൽ നടക്കുന്ന ചടങ്ങിൽ കോട്ടയം അസംബ്ലി നിയോജക മണ്ഡലത്തിന്റെ പട്ടിക് പ്രസിദ്ധീകരിക്കും. മറ്റു നിയോജക മണ്ഡലങ്ങളുടെ വോട്ടർപട്ടിക ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ, അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ, അംഗീകൃത രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ ഇ.ആർ.ഒ./താലൂക്ക് ഓഫീസുകളിൽ പ്രസിദ്ധപ്പെടുത്താനും അംഗീകൃത രാഷ്ട്രീയകക്ഷി പ്രതിനിധികൾക്ക് വോട്ടർ പട്ടികയുടെ ഓരോ സെറ്റ് വീതം ഹാർഡ് കോപ്പിയും സോഫ്റ്റ് കോപ്പിയും സൗജന്യമായി നൽകാനും നിർദ്ദേശം നൽകിയിട്ടുള്ളതായും ജില്ലാ കളക്ടർ അറിയിച്ചു. എല്ലാ രാഷ്ട്രീയ കക്ഷിപ്രതിനിധികളും ബന്ധപ്പെട്ട ഓഫീസുകളിൽനിന്ന് അന്തിമ വോട്ടർപട്ടിക കൈപ്പറ്റുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യണമെന്ന് ജില്ലാ കളക്ടർ അഭ്യർഥിച്ചു.