02 January, 2025 09:49:37 AM


ഉമ തോമസിന് അപകടം സംഭവിച്ച ദൃശ്യങ്ങൾ പുറത്ത്; വേദിയിൽ സ്ഥലമില്ലായിരുന്നുവെന്ന് വ്യക്തം



കൊച്ചി: ഗിന്നസ് റിക്കാർഡിന്‍റെ പേരിൽ നടന്ന കൊച്ചിയിലെ നൃത്തപരിപാടിക്കിടെ എംഎൽഎ ഉമ തോമസിന് അപകടം സംഭവിച്ച ദൃശ്യങ്ങൾ പുറത്ത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്. വേദിയിൽ സ്ഥലമില്ലായിരുന്നു എന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പിൻനിരയിൽ നിന്ന് ഉമ തോമസ് മുൻനിരയിലേക്ക് വരുന്നത് ദൃശ്യങ്ങളില്‍ കാണാം. ആദ്യം ഒരു കസേരയിലിരുന്ന ശേഷം പിന്നീട് മാറിയിരിക്കുന്നു. മന്ത്രിയും എഡിജിപിയും നോക്കി നിൽക്കുകയായിരുന്നു അപകടം. വന്‍ വീഴ്ചയാണ് സംഘാടകരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

അതേസമയം, നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. നൃത്താധ്യാപകർ പണം കൈമാറിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. സാമ്പത്തിക ചൂഷണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. സംഘാടകർക്കെതിരെ സാമ്പത്തിക ചൂഷണത്തിന് ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേൽക്കാനിടയായ പരിപാടി സംഘടിപ്പിച്ച മൃദംഗവിഷൻ മാനേജിങ് ഡയറക്ടർ നിഗോഷ് കുമാറാണ് ഒന്നാം പ്രതി. മൃദംഗ വിഷൻ പ്രൊപ്രൈറ്റർ നികോഷ് കുമാർ ഇന്ന് ഉച്ചയ്ക്ക് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരാകണം എത്തിയില്ലെങ്കിൽ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം. എന്നാൽ, സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്നും എല്ലാ ഇടപാടുകളും നിയമപരമെന്നുമാണ് നിഗോഷ് കുമാറിന്‍റെ നിലപാട്. ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിന് മാർഗരേഖ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രിയും അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K