31 December, 2024 12:07:51 PM
കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത സാബു തോമസിന്‍റെ നിക്ഷേപം തിരികെ നൽകി സൊസൈറ്റി
ഇടുക്കി: കട്ടപ്പന സഹകരണ സൊസൈറ്റിക്ക് മുന്നിൽ ആത്മഹത്യ ചെയ്ത സാബു തോമസിൻ്റെ നിക്ഷേപ തുക തിരികെ നൽകി റൂറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി. നിക്ഷേപത്തുക പലിശയും ചേർത്ത് 14,59,940 രൂപയാണ് കുടുംബത്തിന് കൈമാറിയത്.
ഡിസംബര്‍ 20നാണ് കട്ടപ്പന മുളങ്ങാശേരില്‍ സാബു തോമസ് കട്ടപ്പന റൂറല്‍ ഡേവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ തൂങ്ങിമരിച്ചത്. ഭാര്യയുടെ ചികിത്സയ്ക്ക് പണം നല്‍കാത്ത ബാങ്ക് ജീവനക്കാരാണ് മരണത്തിന് പിന്നിലെന്ന് സൂചിപ്പിക്കുന്ന സാബുവിന്റെ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിരുന്നു. സംഭവത്തിൽ മൂന്ന് ബാങ്ക് ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയും ചെയ്തു.
അതേസമയം, സാബുവിനെ ബാങ്ക് മുൻ പ്രസിഡന്റ് ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. മുൻ പ്രസിഡന്റും സിപിഎം കട്ടപ്പന മുൻ ഏരിയാ സെക്രട്ടറിയുമായ വി.ആർ സജിയുമായുള്ള സംഭാഷണമാണ് പുറത്തുവന്നത്. സംഭവവുമായി ബന്ധപ്പെട്ട് സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജമോൾ, ജൂനിയർ ക്ലർക്ക് ബിനോയ് എന്നിവരെ സസ്‌പെൻഡ് ചെയ്തിരുന്നു.