28 December, 2024 10:45:00 AM


മൻമോഹൻ സിങിന് വിട നൽകാനൊരുങ്ങി രാജ്യം; സംസ്കാരം രാവിലെ 11.45ന്



ന്യൂഡല്‍ഹി: മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ.മൻമോഹൻ സിങിന് രാജ്യം ഇന്ന് വിട നൽകും. രാവിലെ 11:45 ഓടെ നിഗംബോധ് ഘട്ടിലാണ് സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം. വ്യാഴാഴ്ച രാത്രി 9:51 ഓടെയായിരുന്നു മൻമോഹൻ സിംഗിന്റെ അന്ത്യം.

മോത്തിലാല്‍ മാര്‍ഗിലെ മൂന്നാം നമ്പര്‍ ഔദ്യോഗിക വസതിയില്‍നിന്നും രാവിലെ എട്ടോടെ മൃതദേഹം കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് മാറ്റി. എഐസിസി ആസ്ഥാനത്ത് പൊതുദര്‍ശനം തുടങ്ങി. സോണിയഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാല്‍ എംപി അടക്കമുള്ളവര്‍ ആദരാജ്ഞലി അര്‍പ്പിച്ചു. അന്തിമോപചാരം അര്‍പിക്കാന്‍ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നീണ്ടനിരയാണ്.

അതേസമയം ഡോ മൻമോഹൻസിങിന്റെ അന്ത്യവിശ്രമത്തിനായി രാജ്ഘട്ടിന് സമീപം പ്രത്യേക സ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രധാനമന്ത്രിയും പ്രധാന മന്ത്രിയെയും പ്രതിരോധ മന്ത്രിയെയും സമീപിച്ചിരുന്നു.കോൺഗ്രസിന്റെ ഈ ആവശ്യം പരിഗണിക്കാതെയാണ് നിഗം ബോധ് ഘട്ടിൽ സംസ്കാര ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവർ വീട്ടിലെത്തി ഡോക്ടർ മൻമോഹൻ സിങിന് അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 944