27 December, 2024 09:56:08 AM
മൻമോഹൻ സിംഗിന്‍റെ സംസ്കാരം നാളെ; രാജ്യത്ത് 7 ദിവസം ദുഃഖാചരണം

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സംസ്കാരം നാളെ നടക്കും. അദ്ദേഹത്തിന്റെ മകൾ അമേരിക്കയിൽ നിന്ന് എത്തിയതിനു ശേഷമായിരിക്കും സംസ്കാരം. ഭൗതികശരീരം ഡല്‍ഹി ജൻപതിലെ വസതിയിൽ എത്തിച്ചു. ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്തും പൊതുദർശനം ഉണ്ടാകും.
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖർഗെ അടക്കമുള്ള നേതാക്കൾ മൻമോഹൻ സിംഗിന്റെ വസതിയിൽ എത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും വസതിയിൽ മൻമോഹൻ സിംഗിന് അന്തിമോപചാരം അർപ്പിക്കും.
തനിക്ക് നഷ്ടമായത് വഴികാട്ടിയെയും ഉപദേഷ്ടാവിനെയുമാണെന്ന് രാഹുൽ സമൂഹ മാധ്യമത്തിൽ കുറിച്ചു. അദ്ദേഹത്തിന്റെ വിനയവും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും രാജ്യത്തെ പ്രചോദിപ്പിച്ചു. ദശലക്ഷക്കണക്കിന് ജനങ്ങൾ അത്യധികം അഭിമാനത്തോടെ എന്നും അദ്ദേഹത്തെ ഓർക്കുമെന്നും രാഹുൽ പറഞ്ഞു.
എതിരാളികളുടെ വ്യക്തിപരമായ ആക്രമണങ്ങൾ നേരിടേണ്ടിവന്നിട്ടും രാഷ്ട്രത്തെ സേവിക്കാനുള്ള പ്രതിബദ്ധതയിൽ ഉറച്ചുനിന്ന നേതാവാണ് മൻമോഹൻ സിങ് എന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെ 92-ാം വയസിലാണ് മൻമോഹൻ സിങിന്‍റെ അന്ത്യം. 2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു.
ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചിച്ച് രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം ആചരിക്കും. സംസ്കാരം ശനിയാഴ്ചയാണ് നിശ്ചയിച്ചിട്ടുള്ളത്. മകൾ അമേരിക്കയിൽ നിന്ന് എത്തിയതിനു ശേഷമായിരിക്കും സംസ്കാരം. വെള്ളിയാഴ്ച തീരുമാനിച്ച എല്ലാ സർക്കാര്‍ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം ചേരും.
പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം നടത്തുക. മൻമോഹൻ സിംഗിന്റെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തീരുമാനിച്ച എല്ലാ സർക്കാര്‍ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ അടുത്ത ഏഴ് ദിവസത്തെ എല്ലാ പരിപാടികളും റദ്ദാക്കിയതായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു. 2025 ജനുവരി മൂന്നിന് ആയിരിക്കും പുനരാരംഭിക്കുക.
മൻമോഹൻ സിംഗിന്റെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്തും ഏഴു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഔദ്യോഗിക പരിപാടികൾ പാടില്ലയെന്നും ദേശീയ പതാക പകുതി താഴ്ത്തി കെട്ടണമെന്നും സർക്കാർ ഉത്തരവിറക്കി. സംസ്ഥാനത്തെ ജില്ലാ കലക്ടർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.