24 December, 2024 09:46:41 AM
എന്‍.സി.സി ക്യാമ്പിനിടെ ഭക്ഷ്യവിഷബാധ; എഴുപതിലേറെ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
കൊച്ചി: കൊച്ചിയില്‍ എന്‍സിസി ക്യാമ്പില്‍ ഭക്ഷ്യവിഷബാധ. കാക്കനാട് കെഎംഎം കോളേജിലെ എന്‍സിസി ക്യാമ്പില്‍ പങ്കെടുത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. 75 വിദ്യാര്‍ത്ഥികളാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയത്. കളമശ്ശേരി മെഡിക്കല്‍ കോളേജിലും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലുമാണ് കുട്ടികള്‍ ചികിത്സ തേടിയത്. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ കോളജിന് മുന്നില്‍ പ്രതിഷേധവുമായി രക്ഷിതാക്കളെത്തി.
എന്‍സിസി 21 കേരള ബറ്റാലിയന്‍ ക്യാമ്പില്‍ അറുന്നൂറോളം കുട്ടികളാണ് പങ്കെടുത്തത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികളെ കളമശ്ശേരി മെഡിക്കല്‍ കോളേജിലും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചഭക്ഷണത്തിന് ശേഷമാണ് കൂടുതല്‍ പേര്‍ക്ക് അസ്വസ്ഥത തുടങ്ങിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വൈകിട്ടോടെ ഒട്ടേറെ പേര്‍ ക്ഷീണിതരായി തളര്‍ന്നുവീണു. കൂടുതല്‍ പേര്‍ക്കും കഠിനമായ വയറുവേദനയാണ്. ചിലര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. ഈ മാസം 20നാണ് ക്യാമ്പ് തുടങ്ങിയത്. ക്യാമ്പില്‍ ചില കുട്ടികള്‍ക്ക് മര്‍ദനമേറ്റെന്നും പരാതി ഉയരുന്നുണ്ട്.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്യാമ്പ് നിര്‍ത്താന്‍ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ നിര്‍ദേശം നല്‍കി.