23 December, 2024 04:02:47 PM
ലൈംഗികാതിക്രമ കേസ്: മുകേഷിനും ഇടവേള ബാബുവിനുമെതിരെ കുറ്റപത്രം
കൊച്ചി: ലൈംഗിക അതിക്രമ കേസുകളില്‍ നടന്മാരായ മുകേഷിനും ഇടവേള ബാബുവിനുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. വടക്കാഞ്ചേരി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
കുറ്റപത്രത്തില്‍ മുപ്പത് സാക്ഷികളാണുള്ളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ നടി ലൈംഗികാരോപണം ഉന്നയിച്ചത്. ആലുവ സ്വദേശിയായ യുവ നടിയുടെ പരാതിയില്‍ കൊച്ചി മരട് പൊലീസും മുകേഷിനെതിരെ കേസെടുത്തിരുന്നു.
എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇടവേള ബാബുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് ഇടവേള ബാബുവിന് എതിരെ കേസെടുത്തിരുന്നത്. കുറ്റപത്രത്തില്‍ 40 സാക്ഷികളുടെ മൊഴിയുണ്ട്. താരസംഘടന അമ്മയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് കലൂരിലെ ഫ്‌ളാറ്റില്‍ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി.