21 December, 2024 05:57:23 PM


ആലുവയില്‍ പൊലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍



കൊച്ചി: ഈസ്റ്റ് സ്റ്റേഷനിൽ നിന്ന് ചാടിപ്പോയ പോക്സോ പ്രതി പിടിയില്‍. അങ്കമാലി സ്വദേശി ഐസക് ബെന്നി(22)യാണ് വെള്ളിയാഴ്ച രാത്രി 12 മണിയോടെ പോലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയത്. അങ്കമാലിക്ക് സമീപം മൂക്കന്നൂരില്‍ നിന്നുമാണ് പ്രതി പിടിയിലായത്. 

പതിനഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അങ്കമാലി സ്വദേശി ഐസക് ബെന്നിയെ വെള്ളിയാഴ്ച വൈകുന്നേരത്തോടെ പോലീസ് പിടികൂടിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം റിമാന്‍ഡ് ആവശ്യപ്പെട്ട് കോടതിയില്‍ ഹാജരാക്കുന്നതിനായി ലോക്കപ്പില്‍ സൂക്ഷിക്കുകയായിരുന്നു. ലോക്കപ്പ് പൂട്ടാന്‍ മറന്നുപോയതോടെ ലോക്കപ്പിന് അകത്ത് നിന്നും കൈയിട്ട് പ്രതി തുറന്ന് ചാടിപ്പോയതാകാമെന്നാണ് പ്രാഥമിക നിഗമനം. 

ലോക്കപ്പ് തുറന്ന് പ്രതി രണ്ടാം നിലയിലേക്ക് ചാടിക്കയറിയ ശേഷം രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. ഐസക് ബെന്നിയെ തിരികെ ആലുവ പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചിട്ടുണ്ട്. ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കി തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് നീക്കം. അതേസമയം, പ്രതിയെ തിരികെ കിട്ടിയെങ്കിലും പ്രതി ചാടിപ്പോയ സംഭവത്തില്‍ പോലീസുകാര്‍ക്കെതിരേ സസ്‌പെന്‍ഷന്‍ അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിച്ചേക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 931