21 December, 2024 10:28:00 AM
വിവാഹമോചനം നേടിയ മുന്‍ഭാര്യയ്ക്ക് ജീവനാംശം 20 സഞ്ചി നാണയങ്ങള്‍; അമ്പരന്ന് കോടതി
കോയമ്പത്തൂര്‍: വിവാഹമോചനം നേടിയ ഭാര്യയെ 'പാഠംപഠിപ്പിക്കാന്‍' മുന്‍ ഭര്‍ത്താവ് കോടതി മുമ്പാകെ ജീവനാംശ തുക നല്‍കിയത് നാണയങ്ങളായി. എന്നാല്‍ വിവാഹമോചിതന്റെ അതൃപ്തി പ്രകടിപ്പിച്ച കോടതി നാണയങ്ങള്‍ നോട്ടാക്കി കോടതിയില്‍ സമര്‍പ്പിക്കാന്‍ ഉത്തരവിട്ടു. കോയമ്പത്തൂര്‍ കുടുംബക്കോടതിയില്‍ വ്യാഴാഴ്ചയാണ് മുന്‍ ഭാര്യയ്ക്ക് പോലും ചിരി ഉണ്ടാക്കിയ സംഭവം നടന്നത്.
2 ലക്ഷം രൂപ ജീവനാംശം നല്‍കണമെന്ന വിധി അനുസരിച്ച് കോടതിയിലേയ്ക്ക് വടവള്ളി സ്വദേശിയായ 35 കാരന്‍ കാറില്‍ പണവുമായി വന്നു. വിവാഹമോചിതയും കുടുംബവും നേരത്തെ കോടതിയില്‍ എത്തിയിരുന്നു. 1,20,000 രൂപ നോട്ടുകളായാണ് യുവാവ് നല്‍കിയത്. ബാക്കി തുക ഒരു രൂപ, രണ്ട് രൂപ, അഞ്ച് രൂപ നാണയങ്ങളായാണ് കോടതിയില്‍ എത്തിച്ചത്. ഈ നാണയങ്ങളെല്ലാം കൂടി ഏകദേശം ഇരുപതോളം ചാക്കുകള്‍ ഉണ്ടായിരുന്നു.
കോടതിയില്‍ ഉണ്ടായിരുന്നവര്‍ അന്തംവിട്ടെങ്കിലും ഒടുവില്‍ ജഡ്ജി ഇടപെടുകയായിരുന്നു. നാണയങ്ങള്‍ നോട്ടുകളാക്കി കോടിയില്‍ ഏല്‍പ്പിക്കണമെന്ന് യുവാവിന് താക്കീത് നല്‍കി. അടുത്ത ദിവസം കേസ് പരിഗണിക്കുന്ന സമയത്ത് ജീവനാംശം പൂര്‍ണമായും നോട്ടുകളാക്കി സമര്‍പ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഇതോടെ യുവാവ് ചാക്കിലുണ്ടായിരുന്ന നാണയങ്ങളുമായി മടങ്ങി. ഇരുവരുടേയും വിവാഹമോചന കേസ് കഴിഞ്ഞ വര്‍ഷമാണ് കോടതിയിലെത്തിയത്.