20 December, 2024 11:54:15 AM
വനംവകുപ്പ് ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി തല്ലി; ബിജെപി നേതാവിന് 3 വർഷം തടവ്
ജയ്പൂർ: വനംവകുപ്പ് ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി തല്ലിയ കേസിൽ ബിജെപി മുൻ എംഎൽഎ ഭവാനി സിങ് രജാവത്തിനും സഹായി മഹാവീർ സുമനും 3 വർഷത്തെ തടവ് ശിക്ഷ വിധിച്ച് സ്പെഷ്യൽ കോടതി. ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഡിസിഎഫ്) രവികുമാർ മീണയുടെ പരാതിയിൽ 2022 മാർച്ച് 31 നാണ് ഇരുവർക്കുമെതിരെ ഐപിസി സെക്ഷൻ 332, 353, 34, എസ്‌സി/എസ്ടി ആക്‌ട് സെക്ഷൻ 3(2) എന്നിവ പ്രകാരം കേസെടുത്തത്. കുറ്റവാളികൾക്ക് കോടതി 20,000 രൂപ വീതം പിഴയും ചുമത്തിയിട്ടുണ്ട്.
ഒരു ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികൾ നിർത്തിവച്ചതിൽ പ്രതിഷേധിച്ച് രജാവത്ത് തന്റെ അനുയായികൾക്കൊപ്പം ഡിസിഎഫിന്റെ ഓഫീസിലേക്ക് അതിക്രമിച്ച് കയറുകയും ഡിസിഎഫിനെ തല്ലുകയും ചെയ്തുവെന്നാണ് ആരോപണം. തന്റെ ഇടതുകൈ കൊണ്ട് രജാവത്ത് ഡിസിഎഫിനെ തല്ലുന്ന വീഡിയോ അന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ശിക്ഷയ്‌ക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് രജാവത്ത് പറഞ്ഞു.