20 December, 2024 11:22:15 AM


സ്ത്രീകളുടെ ക്ഷേമത്തിനായുള്ള നിയമങ്ങള്‍ ഭര്‍ത്താക്കന്‍മാരെ ഉപദ്രവിക്കാനുള്ള ഉപകരണമല്ല- സുപ്രീം കോടതി



ന്യൂഡല്‍ഹി: സ്ത്രീകളുടെ ക്ഷേമത്തിനായി നടപ്പിലാക്കുന്ന നിയമങ്ങളെ ഭര്‍ത്താക്കന്‍മാരെ ഉപ്രദവിക്കാനോ ഭീഷണിപ്പെടുത്താനോ ഉള്ള ഉപകരണമായി ദുരുപയോഗം ചെയ്യരുതെന്ന് സുപ്രീംകോടതി. മുന്‍ പങ്കാളിയുടെ സാമ്പത്തിക സ്ഥിതി തുല്യമാക്കുക എന്നതല്ല മറിച്ച് ആശ്രിതയായ ഒരു സ്ത്രീയ്ക്ക് ന്യായമായ ജീവിത നിലവാരം നല്‍കുക എന്നതാണ് ജീവനാംശം എന്ന് സുപ്രീംകോടതി പറഞ്ഞു.

മൂന്ന് കോടി രൂപ ജീവനാംശം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ബംഗലൂരുവില്‍ ടെക്കിയായ അതുല്‍ സുഭാഷ് ജീവനൊടുക്കിയതില്‍ രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധത്തിനിടെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണങ്ങള്‍. നിലവിലെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി മുന്‍ ഭര്‍ത്താവ് ജീവിത കാലം മുഴുവന്‍ മുന്‍ പങ്കാളിയെ പിന്തുണയ്ക്കാന്‍ ബാധ്യസ്ഥനല്ലെന്ന് കോടതി പറഞ്ഞു. ഹിന്ദു വിവാഹം ഒരു വാണിജ്യ സംരംഭം അല്ല, അതു കുടുംബത്തിന്റെ അടിത്തറയാണെന്ന് കോടതി പറഞ്ഞു.

ജസ്റ്റിസുമാരായ ബി വി നാഗരത്‌നയും പങ്കജ് മിത്രയും അടങ്ങുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണങ്ങള്‍. വിവാഹമോചന കേസ് പരിഗണിച്ച കോടതി ഭര്‍ത്താവ് 12 കോടി രൂപ സ്ഥിരം ജീവനാശം നല്‍കാന്‍ ഉത്തരവിട്ടു. ഭര്‍ത്താവിന് യുഎസിലും ഇന്ത്യയിലും ഒന്നിലധികം സ്വത്തുക്കളും 5,000 കോടി രൂപയുടെ ആസ്തിയുണ്ടെന്നും ആദ്യ ഭാര്യക്ക് വേര്‍പിരിയുമ്പോള്‍ 500 കോടി നല്‍കിയിട്ടുണ്ടെന്നും ഭാര്യ കോടതിയെ ബോധിപ്പിച്ചു. ഭര്‍ത്താവിന്റെ സ്വത്തിന് തുല്യമായി ജീവനാംശം നേടുന്ന കക്ഷികളുടെ പ്രവണതയില്‍ ഞങ്ങള്‍ക്ക് സംശയമുണ്ട്. ഭര്‍ത്താവ് ദരിദ്രനാണെങ്കില്‍ ഭാര്യയും കുടുംബവും ഗുരുതരമായ കുറ്റാരോപണങ്ങള്‍ നിരത്തുന്ന സംഭവങ്ങളും കോടതി ചൂണ്ടിക്കാട്ടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K