19 December, 2024 06:39:35 PM
എണ്ണയുടെ പുനരുപയോഗം തടയൽ; തെരുവ് നാടകവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
കോട്ടയം: ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗം തടയാനുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ തെരുവ് നാടകം അവതരിപ്പിച്ചു. നല്ല ഭക്ഷണം കഴിക്കുക നാലാംഘട്ട ചലഞ്ചിന്റെ ഭാഗമായി കോട്ടയം സി.എം.എസ് കോളജിന്റെ സഹകരണത്തോടെയാണ് നാഗമ്പടം ബസ് സ്റ്റാൻഡിൽ തെരുവുനാടകം അരങ്ങേറിയത്. മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സി.റ്റി. അരവിന്ദകുമാർ ഉദ്ഘാടനം നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. അഞ്ജു സൂസൻ ജോർജ് അധ്യക്ഷത വഹിച്ചു. ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ്‌റ് കമ്മീഷണർ എ.എ. അനസ്, ഡോ. എസ്. ശ്രീജ, കവിത വിജയൻ, അക്ഷയ വിജയൻ എന്നിവർ പ്രസംഗിച്ചു.
എഫ്.എസ്.എസ്.എ.ഐ.യുടെ സുസ്ഥിരപദ്ധതിയായ റൂക്കോയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച നാടകം പ്രേക്ഷകരുടെ ഹൃദയം കവർന്നു. ഉപയോഗിച്ച പാചകഎണ്ണ ബയോ ഡീസൽ ആക്കി മാറ്റുന്ന പദ്ധതിയാണ് റൂക്കോ. ഉപയോഗിച്ച എണ്ണ എഫ്.എസ്.എസ്.എ.ഐ. അംഗീകൃത ഏജൻസികൾ ശേഖരിക്കുമെന്നും അവ ബയോ ഡീസൽ, സോപ്പു നിർമാതാക്കൾ എന്നിവർക്ക് കൈമാറുകയാണ് വേണ്ടതെന്നുമുള്ള സന്ദേശമാണ് നാടകത്തിലൂടെ ഉയർത്തിയത്. ഭക്ഷണ ദാനം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുക, ഭക്ഷണം പാഴാക്കാതിരിക്കുക എന്നീ സന്ദേശവും നാടകത്തിലൂടെ നൽകി. റൂക്കോയെ സംബന്ധിച്ചുള്ള ലഘുലേഖ പൊതുജനങ്ങൾക്ക് വിതരണം ചെയ്തു.