19 December, 2024 06:36:19 PM
ഓറഞ്ച് ദി വേൾഡ് കാമ്പയിൻ: സ്‌കിറ്റ് അവതരിപ്പിച്ചു
കോട്ടയം: ഓറഞ്ച് ദി വേൾഡ് കാമ്പയിന്റെ ഭാഗമായി വനിതാ-ശിശുവികസന വകുപ്പും കോട്ടയം ജില്ലാതല ഐസിഡിഎസ് സെല്ലും ബി.സി.എം. കോളജ് എം.എസ്.ഡബ്ല്യൂ വിഭാഗവും സംയുക്തമായി സ്ത്രീധന നിരോധനം, ശൈശവ വിവാഹനിരോധനം എന്നീ വിഷയങ്ങളിൽ സ്‌കിറ്റ് അവതരിപ്പിച്ചു. കോട്ടയം നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം നടന്ന സ്‌കിറ്റിൽ കോളജ് വിദ്യാർഥികൾ പങ്കെടുത്തു. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരേയുള്ള അതിക്രമങ്ങൾ, ലിംഗവിവേചനം എന്നിവ അവസാനിപ്പിക്കുക, ഗാർഹിക പീഡനം, സ്ത്രീധന സമ്പ്രദായം, ബാലവിവാഹം, ബലാത്സംഗം, മറ്റ് അതിക്രമങ്ങൾ, ദുരാചാരങ്ങൾ എന്നിവ സമൂഹത്തിൽ നിന്ന് ഉന്മൂലനം ചെയ്ത് എപ്പോഴും എല്ലായിടവും സുരക്ഷ ഉറപ്പുവരുത്തുക എന്നതാണ് ഓറഞ്ച് ദി വേൾഡ് കാമ്പയിന്റെ ലക്ഷ്യം. ബി.സി.എം. കോളജ് എം.എസ്.ഡബ്ല്യൂ വിഭാഗം മേധാവി ഐപ് വർഗീസ്, ജില്ലാതല ഐസിഡിഎസ് സെല്ലിലെ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്‌പെക്ടർ ജാസ്മിൻ നാരായണൻ എന്നിവർ സംസാരിച്ചു.